Share this Article
രാജ്യത്തെ ഏറ്റവും വേഗതയേറിയ സോളാര്‍-ഇലക്ട്രിക് ബോട്ട്; 'ബാരക്കുഡ' നീറ്റിലിറക്കി
വെബ് ടീം
posted on 13-12-2023
1 min read
india-s-fastest-solar-electric-boat

കൊച്ചി: കേരളത്തിൽ നിർമ്മാണം നടത്തിയ  രാജ്യത്തെ  ഏറ്റവും വേഗതയേറിയ സോളാര്‍-ഇലക്ട്രിക് ബോട്ടായ ബാരക്കുഡ നീറ്റിലിറക്കി. മസഗോണ്‍ ഡോക്ക് ഷിപ്പ് ബില്‍ഡേഴ്സ് ലിമിറ്റഡും കൊച്ചി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന നവാള്‍ട്ടും സംയുക്തമായി വികസിപ്പിച്ച ഈ അത്യാധുനിക ബോട്ട് പരിസ്ഥിതി സൗഹൃദ സമുദ്രഗതാഗതത്തില്‍ രാജ്യത്തിന്റെ പുതിയ ചുവടുവെപ്പാണ്.

ആലപ്പുഴയില്‍ നവഗതിയുടെ പാണാവള്ളി  യാര്‍ഡില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കിയ ബോട്ടിന്റെ ഉദ്ഘാടന ചടങ്ങില്‍ മസഗോണ്‍ ഡോക്ക് ലിമിറ്റഡിന്റെ ജനറല്‍ മാനേജര്‍ സഞ്ജയ് കുമാര്‍ സിംഗ്, നവാള്‍ട്ട് സി.ഇ.ഒ സന്ദിത് തണ്ടാശേരി, എം.ഡി.എല്‍ അഡീഷ്ണല്‍ ജനറല്‍ മാനേജര്‍ ദേവി നായര്‍, ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ ഹേമന്ത് രാത്തോഡ് എന്നിവര്‍ പങ്കെടുത്തു. കടലില്‍ ചാട്ടുളി പോലെ പായുന്ന നീണ്ട മത്സ്യമായ ബരക്കുഡയുടെ പേരാണ് വേഗത മുന്‍ നിര്‍ത്തി ഈ സങ്കേതിക വിഭാഗം ബോട്ടിന് നല്‍കിയിരിക്കുന്നത്.

വര്‍ക്ക് ബോട്ട് ആവശ്യങ്ങള്‍ അതിവേഗം നിറവേറ്റുന്നതിനാണ് നവാള്‍ട്ട് ഇത് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. മസഗോണിന്റെ മുംബൈ ഡോക്കിലെ ആവശ്യങ്ങള്‍ക്കായാണ് 'സൗര ശക്തി' എന്ന് പേരിട്ട ആദ്യ ബോട്ട് ഉപയോഗിക്കുക. 12 നോട്ടിക്കല്‍ മൈല്‍ ഉയര്‍ന്ന വേഗതയും ഒറ്റ ചാര്‍ജില്‍ 7 മണിക്കൂര്‍ റേഞ്ചും ഇതിനുണ്ട്. 14 മീറ്റര്‍ നീളവും 4.4 മീറ്റര്‍ വീതിയുമുള്ള ബോട്ട് ഇരട്ട 50 കിലോ വാട്ട് ഇലക്ട്രിക് മോട്ടോറുകള്‍, ഒരു മറൈന്‍ ഗ്രേഡ് എല്‍.എഫ്.പി ബാറ്ററി, 6 കിലോ വാട്ട് സോളാര്‍ പവര്‍ എന്നിവയുടെ ശക്തി ഉള്‍ക്കൊള്ളുന്നതാണ്.

ബാരക്കുഡയില്‍ 12 പേര്‍ക്ക് യാത്ര ചെയ്യാം. ശബ്ദം,വൈബ്രേഷന്‍, മലിനീകരണം എന്നിവയില്ലാത്തതാണ് യാത്ര. നാല് മീറ്റര്‍ വരെ ഉയരമുള്ള തിരമാലകളിലൂടെ സഞ്ചരിക്കാന്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്ന ബാരക്കുഡ മികച്ച യാത്രാനുഭവമായിരിക്കും നല്‍കുക. നവാള്‍ട്ടിന്റെ സൗരോര്‍ജ്ജത്തില്‍ പ്രവര്‍ത്തിക്കുന്ന വിവിധ ഇലക്ട്രിക് ബോട്ടുകള്‍ സാങ്കേതിക വിദ്യയ്ക്കും ഡിസൈനും കാര്‍ബണ്‍ വിമുക്ത സമുദ്ര ഗതാഗതത്തിനുമുള്ള അന്താരാഷ്ട്ര അംഗീകാരങ്ങള്‍ നേടിയിട്ടുണ്ട്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories