ചെന്നൈയില്‍ മഴക്കെടുതിയില്‍ മരണം പതിനെട്ടായി . വെള്ളക്കെട്ടില്‍ നിരവധിപേരാണ് കുടുങ്ങിക്കിടക്കുന്നത്. രക്ഷാദൗത്യത്തിന് വ്യോമസേനയും ഇന്നെത്തി. അതേസമയം, ആന്ധ്രയില്‍ മിഷോങ് ചുഴലിക്കാറ്റിന്റെ തീവ്രത കുറഞ്ഞ് ന്യൂനമര്‍ദമായി.
മിഷോങ് ചുഴലിക്കാറ്റിന്റെ തീവ്രത കുറഞ്ഞെങ്കിലും ചെന്നൈയിലെയും ആന്ധ്രയിലെയും ദുരിതമൊഴിഞ്ഞില്ല. വെള്ളക്കെട്ടില്‍ കുടങ്ങിക്കിടക്കുന്നവരെ രക്ഷപ്പെടുത്താന്‍ വ്യോമസേനയും രംഗത്തിറങ്ങി. അവശ്യസാധനങ്ങളും കിട്ടാത്ത അവസ്ഥയുണ്ട്. വെള്ളക്കെട്ട് മൂലം പലയിടത്തും ആളുകള്‍ക്ക് അരികിലേക്ക് എത്താന്‍ സാധിക്കാത്ത അവസ്ഥയും നിലവിലുണ്ടെന്നാണ് രക്ഷാപ്രവര്‍ത്തകര്‍ പറയുന്നത്. വ്യോമ മാര്‍ഗം അവര്‍ക്ക് വേണ്ട സഹായങ്ങള്‍ എത്തിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. മഴക്കെടുതിയില്‍ ചെന്നൈയില്‍ മാത്രം 18 മരണമാണ് റിപ്പോര്‍ട്ട് ചെയ്തത്.
വിമാന- ട്രെയിന്‍ സര്‍വ്വീസുകള്‍ ഇതുവരെ സാധാരണ ഗതിയില്‍ ആയിട്ടില്ല. ചില ട്രെയിന്‍ സര്‍വ്വീസ് മാത്രമാണ് ചെന്നൈ റൂട്ടില്‍ സര്‍വ്വീസ് നടത്തുന്നത്. 22 വിമാനങ്ങളും 13 ട്രെയിന്‍ സര്‍വ്വീസും റദ്ദാക്കി. വിവിധ ജില്ലകളില്‍ നിന്നും ഏകദേശം 1300 ഓളം ശുചീകരണ പ്രവര്‍ത്തകര്‍ എത്തിയിട്ടുണ്ട്. നാവികസേനയും കരസേനയും രക്ഷാപ്രവര്‍ത്തനം ഊര്‍ജിതമായി തുടരുകയാണ്. അതേസമയം, ആന്ധ്രയില്‍ മിഷോങ് ചുഴലിക്കറ്റിന്റെ തീവ്രത കുറഞ്ഞെങ്കിലും വ്യാപക കൃഷിനാശമാണ് റിപ്പോര്‍ട്ട് ചെയ്തത്. വരും മണിക്കൂറില്‍ മഴ ശക്തമാകുമെന്നുള്ള മുന്നറിയിപ്പും നിലവിലുണ്ട്.ആന്ധ്രയില്‍ ഒരു മരണമാണ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.