തമിഴ് നടനും ഡി.എം.ഡി.കെ നേതാവുമായ വിജയകാന്ത് അന്തരിച്ചു. കൊവിഡ് ബാധിച്ച് ചികിത്സയിലിരിക്കെ ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. സംസ്‌കാരം നാളെ ചെന്നൈയില്‍ ഔദ്യോഗിക ബഹുമതികളോടെ നടക്കും.
അസുഖബാധിതനായിരുന്ന വിജയകാന്ത് കഴിഞ്ഞ കുറച്ചുകാലമായി ചികിത്സയിലായിരുന്നു. കഴിഞ്ഞ ദിവസം ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച അദ്ദേഹത്തിന് കൊവിഡ് ബാധിച്ചതോടെ ആരോഗ്യനില വഷളായി, മരണം സ്ഥിരീകരിക്കുകയായിരുന്നു. 1952ല്‍ മധുരയില്‍ ജനിച്ച വിജയരാജ് അളഗര്‍സ്വാമിയാണ് വിജയകാന്തായത്. 1979ലെ ഇനിക്കും ഇളമൈ എന്ന ചിത്രത്തിലൂടെയാണ് വിജയകാന്ത് സിനിമ ജീവിതം ആരംഭിക്കുന്നത്. 1981 ല്‍ പുറത്തിറങ്ങിയ സട്ടം ഒരു ഇരുട്ടറൈ ആണ് അദ്ദേഹത്തിന്റെ വാണിജ്യമൂല്യമുയര്‍ത്തിയത്. പ്രേക്ഷക സ്വീകാര്യതയേറിയ വേഷങ്ങളിലൂടെ എണ്‍പതുകളില്‍ തമിഴകത്തെ ആക്ഷന്‍ താരമായി മാറിയ വിജയകാന്തിന്റെ നൂറാം ചിത്രമായ ക്യാപ്റ്റന്‍ പ്രഭാകരന്‍ വന്‍ ഹിറ്റായിരുന്നു. തുടര്‍ന്നാണ് ക്യാപ്റ്റന്‍ എന്ന വിശേഷണം അദ്ദേഹത്തിന് ലഭിക്കുന്നത്.
വൈദേഹി കാത്തിരുന്താല്‍, ചിന്ന ഗൌണ്ടര്‍, വല്ലരസു തുടങ്ങിയവയാണ് പ്രധാനപ്പെട്ട ചിത്രങ്ങള്‍. 2005ലാണ് വിജയകാന്ത് ദേശീയ മുര്‍പോക്ക് ദ്രാവിഡ കഴകം എന്ന രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കുന്നത്. 2006ല്‍ നിയമ സഭയിലേക്ക് നടന്ന പൊതു തിരഞ്ഞെടുപ്പില്‍ 234 സീറ്റുകളിലും മത്സരിച്ചെങ്കിലും വിജയകാന്ത് മത്സരിച്ച മണ്ഡലത്തില്‍ മാത്രമേ പാര്‍ട്ടിക്ക് വിജയം നേടാനായുള്ളു. പിന്നീട് 2011 ല്‍ എഐഎഡിഎംകെയുമായി സഖ്യമുണ്ടാക്കിയ ഡിഎംഡികെ 40 സീറ്റില്‍ മല്‍സരിച്ച് 29 എണ്ണത്തില്‍ വിജയിച്ചു. തുടര്‍ന്ന് 2011 മുതല്‍ 2016 വരെ അദ്ദേഹം പ്രതിപക്ഷ നേതാവായി. തമിഴകത്ത് വലിയ ശൂന്യത തീര്‍ത്ത് വിടവാങ്ങുമ്പോഴും രാഷ്ട്രീയ രംഗത്തെ ഇടപെടലുകളിലൂടെയും, ശ്രദ്ധേയമായ കഥാപാത്രങ്ങളിലുടെയും പുരചി കലൈഞ്ജര്‍ പ്രിയപ്പെട്ടവരുടെ മനസില്‍ ഓര്‍മ്മിപ്പിക്കപ്പെടും