കണ്ണൂർ: എ.ഐ. ക്യാമറ പ്രവര്‍ത്തനം ആരംഭിച്ചപ്പോള്‍ മന്ത്രി നല്‍കിയ ഒരു ഉറപ്പുണ്ടായിരുന്നു. ക്യാമറയ്ക്ക് വി.ഐ.പിയെന്നോ സാധാരണക്കാരന്‍ എന്നോ വേര്‍തിരിവ് ഉണ്ടാവില്ല, നിയമലംഘനം ആര് നടത്തിയാലും ക്യാമറ കണ്ണുകള്‍ അത് പിടിച്ചെടുക്കുമെന്നും പിഴ ഈടാക്കുമെന്നുമായിരുന്നു ആ ഉറപ്പ്. ഇത് ഏറെകുറെ ശരിയാണെന്ന് തെളിയിക്കുന്ന ഒരു പിഴയുടെ വാർത്തയാണ് കേരളവിഷൻ ന്യൂസ് പുറത്തു വിടുന്നത്.
എ.ഐ. ക്യാമറ വഴി പിഴ അടയ്ക്കാനുള്ള നോട്ടീസ് കിട്ടിയത് മാവേലിയ്ക്കാണ്. പ്രമുഖ മാധ്യമ സ്ഥാപനത്തിന്റെ വാഹനത്തിൽ മുൻ സീറ്റിലിരുന്ന് യാത്ര ചെയ്യവേയാണ് മാവേലി എ.ഐ. ക്യാമറയിൽ കുടുങ്ങിയത്. കുടവയറിൽ സീറ്റ് ബെൽറ്റ് കെട്ടാത്തതാണ് മാവേലിയെ കുടുക്കിയത്. കുടവയറുമായി വിശാലമായി സീറ്റ് ബെൽറ്റ് ഇടാതെ കാറിന്റെ മുൻ സീറ്റിലിരുന്നത് വിനയാകുമെന്ന് മാവേലി സ്വപ്നത്തിൽ പോലും വിചാരിച്ചില്ല. എന്തയാലും 500 രൂപ പിഴ അടയ്‌ക്കാനാണ് നോട്ടീസ്.
തന്റെ കുടവയറിലൂടെ ബെൽറ്റ് കെട്ടിയാലുള്ള വൈഷമ്യം മാവേലിക്കും മോട്ടോർ വാഹനവകുപ്പിനോട് പറയാനുണ്ട്.
ക്രിസ്തുമസ് കാലമായത് കൊണ്ട് സാന്തക്ലോസുമാർ പറക്കും റെയ്‍ൻഡിയറുകൾ വലിക്കുന്ന വണ്ടിയുപേക്ഷിച്ച് നമ്മുടെ നാട്ടിലെ വല്ല കാറിലോ ജീപ്പിലോ കയറിയാൽ സീറ്റ് ബെൽറ്റ് ഇട്ടിട്ടില്ലെങ്കിൽ പൊലീസിന്റെ കണ്ണ് വെട്ടിക്കാൻ പറ്റിയാലും എ.ഐ. ക്യാമറയിൽ കുടുങ്ങുമെന്നത് മറക്കണ്ട