Share this Article
'നേര് ' സിനിമയുടെ റിലീസ് തടയണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി; കോടതി നാളെ പരിഗണിക്കും
neru film HC Complaint

കൊച്ചി: ആന്റണി പെരുമ്പാവൂർ നിർമ്മിച്ച്  മോഹൻലാൽ നായകനായ 'നേര് ' സിനിമയുടെ റിലീസ് തടയണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി. തൻ്റെ  തിരക്കഥയുടെ മോഷണമാണ് സിനിമയെന്നും പ്രദർശനം തടയണമെന്നും ആവശ്യപ്പെട്ട് തിരക്കഥാകൃത്ത് ദീപു.കെ.ഉണ്ണിയാണ് ഹൈക്കോടതിയെ സമീപിച്ചത്.സിനിമ വ്യാഴാഴ്ച റിലീസ് ചെയ്യാനിരിക്കെ അഡ്വക്കറ്റ് ബി.ആളൂർ മുഖേന നൽകിയ ഹർജി കോടതി നാളെ പരിഗണിക്കും.

മോഹൻലാൽ ,സംവിധായകൻ ജിത്തു ജോസഫ്, നടിയും അഭിഭാഷകയുമായ ശാന്തി പ്രിയ,നിർമാതാവ് ആൻറണി പെരുമ്പാവൂർ, ഫിലിം സെൻസർ ബോർഡ്, പൊലീസ് മേധാവി എന്നിവരെ എതിർകക്ഷികളാക്കിയാണ് ഹർജി.ആശീർവാദ് ഫിലിംസിൻ്റെ ബാനറിൽ കോടതി രംഗങ്ങൾ പ്രമേയമായ ചിത്രമാണ് നേര്.

2021 ജനുവരിയിൽ സിനിമയുടെ തിരക്കഥ ജിത്തു ജോസഫ് കാണുകയും ജിത്തുവിൻ്റെ ഉദയംപേരൂരിലെ വീട്ടിൽ വെച്ച് മൂന്നു മണിക്കൂർ ചർച്ച നടന്നെന്നും ഹർജിയിൽ പറയുന്നു.2021 ഏപ്രിലിൽ കൊച്ചിയിലെ മാരിയറ്റ് ഹോട്ടലിൽ വീണ്ടും ചർച്ച നടന്നെന്നും ജിത്തു ജോസഫിനൊപ്പം നടി ശാന്തിപ്രിയയും ചർച്ചയിൽ പങ്കെടുത്തെന്നും തിരക്കഥയുടെ രണ്ട് പകർപ്പുകൾ കൈമാറിയെന്നും ഹർജിക്കാരൻ ചൂണ്ടിക്കാട്ടി.തിരക്കഥയിൽ കൂടുതൽ ചർച്ച വേണമെന്നും നടൻ മോഹൻലാലിൻ്റെ ഡേറ്റ്കിട്ടുന്നതനുസരിച്ച് ചിത്രീകരണം തുടങ്ങാമെന്നും  ഇരുവരും അറിയിച്ചു. പിന്നീട് ഒരു മറുപടിയും ഉണ്ടായില്ല.ഈ മാസം 17 ന് സിനിമയുടെ ട്രെയിലർ സമൂഹമാധ്യമത്തിൽ കണ്ടപ്പോഴാണ് സിനിമയുടെ തിരക്കഥ തൻ്റേതാണന്ന്മനസിലായതെന്നും ദീപു ഹർജിയിൽ പറയുന്നു. തിരക്കഥ മോഷണം എതിർകക്ഷികൾക്ക് ശീലമുണ്ടെന്നും ഹർജിയിൽ ആരോപണമുണ്ട്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories