ഗാസ്സയില്‍ ആക്രമണങ്ങള്‍ മാസങ്ങള്‍ നീണ്ടുനില്‍ക്കുമെന്ന് ഇസ്രയേല്‍. ആക്രമണത്തില്‍ അല്‍ജസീറ ക്യാമറാമാന്‍ കൊല്ലപ്പെട്ടു. അതേസമയം, ഇസ്രയേലില്‍ ജനങ്ങള്‍ തെരുവിലിറങ്ങി പ്രക്ഷോഭം നടത്തി. ഗാസ്സയിലെ മൂന്ന് ബന്ദികളെ സൈന്യം അബദ്ധത്തില്‍ കൊലപ്പെടുത്തിയ പശ്ചാത്തലത്തിലാണ് പ്രതിഷേധം.
ഗാസ്സയില്‍ ആക്രമണം മാസങ്ങള്‍ നീണ്ടു നില്‍ക്കുമെന്നാണ് പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു വ്യക്തമാക്കിയത്. ഗാസ്സയില്‍ ചെറുത്തുനില്‍പ്പ് ശക്തമെന്നാണ് അല്‍ ഖസ്സാം ബ്രിഗേഡ് വക്താവ് അബൂ ഉബൈദ അറിയിച്ചത്. ശത്രുവിനെതിരെ നേര്‍ക്കുനേര്‍ ധീരമായി പൊരുതുകയാണ് പോരാളികള്‍. ഇതിനിടയില്‍ ചെങ്കടില്‍ കപ്പലുകള്‍ക്ക് നേരെ ഹൂത്തി ആക്രമണവും നടന്നു. ഇതോടെ ചെങ്കടലിലൂടെയുള്ള ചരക്കുനീക്കത്തിനും പ്രതിസന്ധിയായി. പ്രമുഖ ഷിപ്പിങ് കമ്പനികള്‍ ചരക്കുനീക്കം ഉപേക്ഷിച്ചു. ഇതിനിടെ ഇസ്രയേലിന്റെ ആക്രമണത്തില്‍ അല്‍ജസീറ ക്യാമറാമാന്‍ കൊല്ലപ്പെട്ടു. സാമിര്‍ അബൂ ദഖയാണ് കൊല്ലപ്പെട്ടത്. ആക്രമണത്തില്‍ പരിക്കേറ്റ സാമിറിനെ ഇസ്രയേല്‍ ആംബുലന്‍സ് വിലക്കിയതിനാല്‍ ആശുപത്രിയില്‍ എത്തിക്കാനായില്ല. കൊലപാതകത്തിന്റെ ഉത്തരവാദിത്വം ഇസ്രയേലിനെന്ന് അല്‍ജസീറ വ്യക്തമാക്കി. അതേസമയം, ഇസ്രയേലില്‍ ജനങ്ങള്‍ തെരുവിലിറങ്ങി പ്രക്ഷോഭം നടത്തി.
ഗാസ്സയിലെ മൂന്ന് ബന്ദികളെ സൈന്യം അബദ്ധത്തില്‍ കൊലപ്പെടുത്തിയ പശ്ചാത്തലത്തിലാണ് ബന്ദികളുടെ ബന്ധുക്കള്‍ ഉള്‍പ്പെടെ തെരുവിലിറങ്ങിയത്. പ്രതിരോധ മന്ത്രാലയത്തിലേക്കാണ് ആയിരങ്ങളുടെ മാര്‍ച്ച് നടന്നത്. ഇന്നലെയാണ് ഇസ്രയേല്‍ സൈനിക വക്താവ് മൂന്ന് ബന്ദികള്‍ കൊല്ലപ്പെട്ടെന്നും കുടുംബത്തോട് മാപ്പ് ചോദിക്കുന്നതായും പറഞ്ഞുള്ള പ്രസ്താവന നടത്തിയത്. ഇതോടെയാണ് ഇസ്രയേലില്‍ പ്രതിഷേധം ശക്തമായത്. ഇതിനുപിന്നാലെ സംയമനം പാലിക്കണമെന്നും ബന്ദികളെ ജീവനോടെ തിരിച്ചെത്തിക്കുമെന്നും നെതന്യാഹു വ്യക്തമാക്കിയത്. ബന്ദിമോചനത്തിന് സൈനിക നടപടികള്‍ ഉപേക്ഷിച്ച് നയതന്ത്രനീക്കം നടത്താനാണ് ഇസ്രയേലിന്റെ നീക്കം. 250 പേരെയാണ് ഗാസ്സ ബന്ദിയാക്കിയിരിക്കുന്നത്. ഇതുവരെ ഇസ്രയേലിന്റെ ആക്രമണത്തില്‍ ഗാസ്സയില്‍ 18,800 പേരാണ് കൊല്ലപ്പെട്ടത്.