ബോളിവുഡ് ചിത്രം 'അനിമല്‍' ബോക്സ് ഓഫിസില്‍ വൻ വിജയം നേടി മുന്നേറുകയാണ് . 'അര്‍ജുന്‍ റെഡ്ഡി' എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ സന്ദീപ് റെഡ്ഡി വംഗയാണ് 'അനിമലി'ന്റെ സംവിധായകന്‍. രൺബീർ കപൂർ നായകനായെത്തി തകർപ്പൻ പ്രകടനമാണ് ചിത്രത്തിൽ കാഴ്ച വച്ചിരിക്കുന്നത്. രശ്‌മിക മന്ധാനയാണ് നായിക വേഷം കൈകാര്യം ചെയ്തിരിക്കുന്നത് വില്ലനായി ബോബി ഡിയോളും എത്തുന്നു. അനില്‍ കപൂര്‍, തൃപ്തി ദിമ്രി എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
ചിത്രത്തിനെതിരേ രംഗത്ത് വന്നിരിക്കുകയാണ് കോണ്‍ഗ്രസ് നേതാവും ഛത്തീസ്ഗഢ് എം.പിയുമായ രന്‍ജീത് രഞ്ജന്‍. 'അനിമല്‍' കാണാന്‍ പോയ തന്റെ മകള്‍ ചിത്രം പൂര്‍ത്തിയാകുന്നതിന് മുന്‍പ് തിയേറ്റര്‍ വിട്ടുവെന്ന് രന്‍ജീത് രഞ്ജന്‍ രാജ്യസഭയില്‍ പറഞ്ഞു. ''സിനിമ സമൂഹത്തിന്റെ കണ്ണാടിയാണ്. നമ്മള്‍ എല്ലാവരും സിനിമകള്‍ കണ്ടാണ് വളര്‍ന്നത്. സിനിമയ്ക്ക് യുവത്വത്തെ സ്വാധീനിക്കാന്‍ കഴിയും. എന്റെ മകള്‍ കോളേജിലെ സുഹൃത്തുക്കള്‍ക്കൊപ്പം 'അനിമല്‍' കാണാന്‍ പോയിരുന്നു. സിനിമ പൂര്‍ത്തിയാകുന്നതിന് മുന്‍പ് കണ്ണീരോടെ അവള്‍ തിയേറ്റര്‍ വിട്ടു. അവള്‍ക്ക് കരച്ചില്‍ നിര്‍ത്താന്‍ കഴിഞ്ഞില്ല.
ഇത്തരം സിനിമകളില്‍ സ്ത്രീകള്‍ക്കെതിരേയുള്ള അതിക്രമത്തെയാണ് കാണിക്കുന്നത്. കബീര്‍ സിംഗ് എന്ന സിനിമ നോക്കൂ. കേന്ദ്രകഥാപാത്രം അയാളുടെ ഭാര്യയെ എങ്ങിനെയാണ് കൈകാര്യം ചെയ്യുന്നത്. അതിനെ ന്യായീകരിക്കുകയും ചെയ്യുന്നു. യുവാക്കള്‍ ഇത്തരം കഥാപാത്രങ്ങളെ മാതൃകയായി കാണുന്നു. സിനിമകളില്‍ ഇങ്ങനെയുള്ള അതിക്രമങ്ങള്‍ കാണുന്നതുകൊണ്ടാണ് സമൂഹത്തിലും ഇതെല്ലാം കാണേണ്ടി വരുന്നത്''- രന്‍ജീത് രഞ്ജന്‍ പറഞ്ഞു. ഈ സിനിമ സിഖ് മതവിശ്വാസികളുടെ വികാരത്തെ വ്രണപ്പെടുത്തിയെന്നും എം.പി. ആരോപിച്ചു.
ചിത്രത്തിന്റെ ഉള്ളടക്കത്തെ വിമര്‍ശിച്ച് ഒട്ടേറെയാളുകളാണ് രംഗത്ത് വന്നിരിക്കുന്നത്. രണ്‍ബീര്‍ കപൂറിന്റെ പ്രകടനത്തേക്കുറിച്ച് നല്ല അഭിപ്രായം പറയുമ്പോള്‍ മറ്റൊരു വിഭാഗം ചൂണ്ടിക്കാട്ടുന്നത് ചിത്രത്തിലെ കടുത്ത സ്ത്രീവിരുദ്ധതയാണ്. സന്ദീപ് റെഡ്ഡി വാങ്ക സംവിധാനം ചെയ്ത മുന്‍ചിത്രങ്ങളായ അര്‍ജുന്‍ റെഡ്ഡി, കബീര്‍ സിംഗ് എന്നീ ചിത്രങ്ങള്‍ക്കെതിരെയും സമാനരീതിയിലുള്ള വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. സമീപകാലത്തെ സിനിമകളിലെ ഏറ്റവും മോശം സ്ത്രീകഥാപാത്രമാണ് 'അനിമലി'ലെ രശ്മികയുടെ ഗീതാഞ്ജലിയെന്നും ഒരുപാട് പേര്‍ അഭിപ്രായപ്പെട്ടു.
ഗാനരചയിതാവും നടനും സഹസംവിധായകനുമായ സ്വാനന്ദ് കിര്‍കിരേ, ക്രിക്കറ്റ് താരം ജയ്‌ദേവ് ഉനദ്ഘട്ട് തുടങ്ങിയവര്‍ ചിത്രത്തിനെതിരേ ശക്തമായ വിമര്‍ശനം ഉന്നയിച്ച് രംഗത്ത് വന്നിരുന്നു. 'അനിമല്‍' കണ്ട് കയ്യടിക്കുന്ന പുതിയ തലമുറയിലെ പെണ്‍കുട്ടികളോട് സഹതാപം തോന്നിയെന്നും സമത്വം എന്ന ആശയത്തോട് ഞാന്‍ തന്റെ മനസ്സില്‍ ആദരാഞ്ജലി അര്‍പ്പിച്ചുവെന്നുമാണ് സ്വാനന്ത് കിര്‍കിതേ അഭിപ്രായപ്പെട്ടത്. 'അനിമല്‍' ദുരന്തമാണെന്നും സ്ത്രീവിരുദ്ധതയാണ് പുരുഷത്വം എന്ന് പറയുന്നത് നാണക്കേടാണെന്നും ജയ്‌ദേവ് ഉനദ്ഘട്ട് പറഞ്ഞു. സിനിമാപ്രവര്‍ത്തകര്‍ സാമൂഹ്യപ്രതിബദ്ധത കാണിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പ്രശസ്ത നിരൂപകരും ചിത്രത്തെ കടന്നാക്രമിച്ചുകൊണ്ടുള്ള അഭിപ്രായങ്ങളാണ് കുറിച്ചത്.
അതേ സമയം ചിത്രം ബോക്‌സ് തിയേറ്ററുകളില്‍ വിജയകരമായി പ്രദര്‍ശനം തുടരുകയാണ്. റിലീസ് ചെയ്ത് ഏഴ് ദിനങ്ങള്‍ പിന്നിട്ടപ്പോള്‍ 563 കോടിയിലേക്ക് കുതിക്കുകയാണ്. അഭിനന്ദനങ്ങള്‍ക്കൊപ്പം വിമര്‍ശനങ്ങളും വിവാദങ്ങളും പൊട്ടിപ്പുറപ്പെട്ടതിന് പിന്നാലെ സിനിമയ്ക്ക് കൂടുതല്‍ പ്രസിദ്ധി ലഭിച്ചുവെന്നാണ് സോഷ്യല്‍ മീഡിയയില്‍ പലരും അഭിപ്രായപ്പെടുന്നത്.
ഭൂഷണ്‍ കുമാറിന്റെയും കൃഷന്‍ കുമാറിന്റെയും ടി-സീരീസ്, മുറാദ് ഖേതാനിയുടെ സിനി 1 സ്റ്റുഡിയോസ്, പ്രണയ് റെഡ്ഡി വംഗയുടെ ഭദ്രകാളി പിക്‌ചേഴ്‌സ് എന്നിവര്‍ ചേര്‍ന്നാണ് 'അനിമല്‍' നിര്‍മിച്ചിരിക്കുന്നത്. ഹിന്ദിയ്ക്കു പുറമേ തെലുങ്ക്, തമിഴ്, കന്നഡ, മലയാളം എന്നീ ഭാഷകളില്‍ ചിത്രം റിലീസ് ചെയ്തിരിക്കുന്നു.
അമിത് റോയ് ചായാഗ്രഹണം നിര്‍വ്വഹിക്കുന്ന ചിത്രത്തിലെ എഡിറ്റര്‍ സംവിധായകനായ സന്ദീപ് റെഡ്ഡി വംഗയാണ്. പ്രീതം, വിശാല്‍ മിശ്ര, മനാന്‍ ഭര്ത്വാജ്, ശ്രേയാസ് പുരാണിക്, ജാനി,അഷിം കിംസണ്‍, ഹര്‍ഷവര്‍ദ്ധന്‍, രാമേശ്വര്‍, ഗൌരീന്ദര്‍ സീഗള്‍ എന്നീ ഒന്‍പത് സംഗീതസംവിധായകര്‍ ആണ് 'അനിമലി'ലെ പാട്ടുകള്‍ ഒരുക്കിയിരിക്കുന്നത്.