ആലപ്പുഴ: യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദിച്ച കേസിൽ മുഖ്യമന്ത്രിയുടെ ഗൺമാനെതിരെ കേസെടുക്കണമെന്ന് കോടതി. ആലപ്പുഴ ജൂഡിഷ്യൽ ഫസ്റ്റ് ക്ലാസ് കോടതിയാണ് കേസെടുക്കാൻ നിർദേശം നൽകിയത്. മർദനമേറ്റവർ നൽകിയ ഹർജിയിലാണ് നടപടി.
മുഖ്യമന്ത്രിയുടെ ഗൺമാൻ അനിൽ, സുരക്ഷാ ഉദ്യോഗസ്ഥൻ സന്ദീപ് എന്നിവർക്കെതിരെയും കണ്ടാലറിയാവുന്ന മൂന്ന് സുരക്ഷാ ഉദ്യോഗസ്ഥർക്കെതിരെയുമായിരുന്നു ഹർജി.
ഗൺമാനെതിരെയും സുരക്ഷാ ഉദ്യോഗസ്ഥർക്കെതിരെയും കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് പരാതിക്കാർ എസ്.പിക്കുൾപ്പെടെ പരാതി നൽകിയിരുന്നു. ജോലിയുടെ ഭാഗമായി നടത്തിയ ചെയ്തികളാണെന്നായിരുന്നു ഉദ്യോഗസ്ഥർ എസ്.പിക്ക് റിപ്പോർട്ട് നൽകിയത്. തുടർന്നാണ് വീഡിയോ സഹിതം കോടതിയിൽ സ്വകാര്യ അന്യായം ഫയൽചെയ്തത്. ഹർജി പരിഗണിച്ച കോടതി കേസെടുക്കാൻ ആലപ്പുഴ സൗത്ത് പോലീസിന് നിർദേശം നൽകുകയായിരുന്നു.