തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍ നയിക്കുന്ന നവകേരള സദസിനെതിരെ വേറിട്ട പ്രതിഷേധവുമായി ചാണ്ടി ഉമ്മന്‍ എംഎല്‍എ. മുഖ്യമന്ത്രി കടന്നുപോയ വഴിയില്‍ ജഗതിയിലെ പുതുപ്പള്ളി ഹൗസിന് മുന്നില്‍ കറുത്ത വസ്ത്രം ധരിച്ചായിരുന്നു ചാണ്ടി ഉമ്മന്റെ പ്രതിഷേധം.
ഏതെങ്കിലും തരത്തില്‍ നവകേരള സദസിന് ബസിന് മുന്നിലേക്ക് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ചാടി വീണാല്‍ അത് തടയുമെന്ന് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ പറഞ്ഞിരുന്നു. തന്റെ പ്രതിഷേധം സമാധാനപരമായിട്ടായിരിക്കുമെന്നും മുഖ്യമന്ത്രി കടന്നുപോകുന്നതുവരെ ഇവിടെ തന്നെ ഇരിക്കുമെന്നും ചാണ്ടി ഉമ്മന്‍ പറഞ്ഞു. ചാണ്ടി ഉമ്മന് സമീപത്തായി അന്‍പതോളം വരുന്ന ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരും നിലയുറപ്പിച്ചു. മുഖ്യമന്ത്രിയുടെ വാഹന വ്യൂഹത്തിലെ അവസാനവണ്ടിയും കടന്നുപോയ ശേഷമാണ് ചാണ്ടി ഉമ്മന്‍ പ്രതിഷേധം അവസാനിപ്പിച്ചത്.
കേരളത്തില്‍ ആര് എന്ത് ധരിക്കണമെന്നും ആര് എവിടെ പോകണമെന്നും പറഞ്ഞ് ചിലര്‍ സദാചാരപൊലീസ് തുടങ്ങിയാല്‍ ജനാധിപത്യം ഇല്ലാതാകും. അതിനെതിരെയായിരുന്നു തന്റെ പ്രതിഷേധമെന്ന് ചാണ്ടി ഉമ്മന്‍ മാധ്യമങ്ങളോട് പറഞ്ഞു.
ഇന്ന് രാവിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയ ഡിജിപി ഓഫീസ് മാര്‍ച്ച് സംഘര്‍ഷത്തില്‍ കലാശിച്ചിരുന്നു. പൊലീസിന് നേരെ പ്രവര്‍ത്തകര്‍ കല്ലെറിഞ്ഞപ്പോള്‍ ലാത്തിച്ചാര്‍ജും ടിയര്‍ ഗ്യാസും പ്രയോഗിച്ചു. ഇതേതുടര്‍ന്ന് ദേഹാസ്വാസ്ഥ്യം ഉണ്ടായ കെപിസിസി പ്രസിഡന്റ് കെ സുധാകരനെ ആശുപത്രിയിലേക്ക് മാറ്റി. പൊലീസ് അതിക്രമത്തില്‍ പ്രതിഷേധിച്ച് ജില്ലാ ആസ്ഥാനങ്ങളിലേക്ക് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പന്തം കൊളുത്തി പ്രതിഷേധം നടത്തും.