ജയ്പുര്‍: 'കര്‍ണി സേന'യുടെ ദേശീയ അധ്യക്ഷന്‍ സുഖ്‌ദേവ് സിങ് ഗോഗാമെഡി വെടിയേറ്റ് കൊല്ലപ്പെട്ടു. ചൊവ്വാഴ്ച രാവിലെ ജയ്പുര്‍ ശ്യാംനഗറിലെ വീട്ടില്‍ അതിക്രമിച്ചെത്തിയ അജ്ഞാതരാണ് സുഖ്‌ദേവ് സിങ്ങിനെ വെടിവെച്ച് കൊലപ്പെടുത്തിയത്. വെടിവെപ്പില്‍ രണ്ടുപേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. രാജസ്ഥാന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്നതാണ് 'കര്‍ണി സേന.
വീട്ടില്‍ അതിക്രമിച്ചുകയറിയ അജ്ഞാതര്‍ സുഖ്‌ദേവിനും ഗണ്‍മാന്‍ നരേന്ദ്രയ്ക്കും നേരേ വെടിയുതിര്‍ത്തതായാണ് റിപ്പോര്‍ട്ട്. വെടിയേറ്റ് ഗുരുതരാവസ്ഥയിലാണ് സുഖ്‌ദേവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയിലിരിക്കെ മരണം സംഭവിക്കുകയായിരുന്നു.
സംഭവവുമായി ബന്ധപ്പെട്ട് ശ്യാംനഗര്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കൃത്യം നടന്ന സ്ഥലത്ത് പോലീസ് സംഘം വിശദമായ പരിശോധന നടത്തി. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചും അന്വേഷണം തുടരുകയാണ്.
അതേസമയം, കൊല്ലപ്പെട്ട സുഖ്‌ദേവിന് അധോലോക കുറ്റവാളി ലോറന്‍സ് ബിഷ്‌ണോയിയുടെ സംഘത്തില്‍നിന്ന് വധഭീഷണി നേരിട്ടിരുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. ലോറന്‍സ് ബിഷ്‌ണോയിയുടെ സംഘാംഗവും ഗുണ്ടാനേതാവുമായ സാംബത് നെഹ്‌റയാണ് വധഭീഷണി മുഴക്കിയത്. ഇയാളില്‍നിന്ന് ഭീഷണിയുണ്ടായതിന് പിന്നാലെ സുഖ്‌ദേവ് സിങ് ഇക്കാര്യം ജയ്പുര്‍ പോലീസിനെ അറിയിച്ചിരുന്നതായും ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.