Share this Article
image
തെരുവില്‍ ഒരാള്‍ പോലും പ്രതിഷേധിച്ചില്ല; എസ്എഫ്‌ഐക്കാര്‍ ഗുണ്ടകളെന്ന് ഗവര്‍ണര്‍; വിസി വിട്ടുനിന്നു
വെബ് ടീം
posted on 18-12-2023
20 min read
governor arif muhamad khan against sfi protest at calicut university

മലപ്പുറം: ഗവർണർ ഉദ്ഘാടകനായ സെമിനാറിൽ വൈസ് ചാന്‍സലര്‍ എംകെ ജയരാജ് പങ്കെടുത്തില്ല.ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന് വിട്ടുനില്‍ക്കുകയാണെന്ന് അദ്ദേഹം അറിയിച്ചു. തുടര്‍ന്ന് പരിപാടിയില്‍ പങ്കെടുത്ത ചിദാനന്ദ പുരിയാണ് സെമിനാറില്‍ അധ്യക്ഷനായത്.  നാല് മണിയോടെ ആരംഭിച്ച ചടങ്ങ് സെമിനാര്‍ ഹാളില്‍ ചടങ്ങ് നടക്കുമ്പോഴും ക്യാമ്പസിന് പുറത്ത് പ്രതിഷേധവുമായി എസ്എഫ്‌ഐ പ്രവര്‍ത്തകരും നിലയുറപ്പിച്ചു. സെമിനാര്‍ തുടങ്ങുന്നതിന് തൊട്ടുമുമ്പും ക്യാമ്പസിനുള്ളില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ വലിയ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. നൂറ് കണക്കിന് എസ്.എഫ്.ഐ. പ്രവര്‍ത്തകരെ ഗവര്‍ണര്‍ താമസിക്കുന്ന ഗസ്റ്റ് ഹൗസിന് സമീപം പൊലീസ് തടഞ്ഞു. എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി പിഎം ആര്‍ഷേ അടക്കമുള്ള പ്രവര്‍ത്തകരെ  അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു.


തനിക്കെതിരെ പ്രതിഷേധിക്കുന്നത് വിദ്യാര്‍ഥികള്‍ അല്ല, എസ്എഫ്‌ഐ ഗുണ്ടകളാണെന്ന് ആവര്‍ത്തിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ഇവരെ പറഞ്ഞുവിടുന്നത് മുഖ്യമന്ത്രിയാണെന്നും ഗവര്‍ണര്‍ പറഞ്ഞു. യൂണിവേഴ്‌സിറ്റിയില്‍ സെമിനാര്‍ ഉദ്ഘാടനം ചെയ്യുന്നതിന് മുന്‍പായി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ഗവര്‍ണര്‍.  

കോഴിക്കോട്ടെ തെരുവുകളില്‍ രണ്ടുമണിക്കൂര്‍ നേരം ചെലവഴിച്ച തനിക്കെതിരെ ഒരു ചെറിയ പ്രതിഷേധം പോലും എവിടെയും ഉണ്ടായില്ല. ഇവിടെ മാത്രം പ്രതിഷേധിക്കുന്ന 200 ഓളം വരുന്ന എസ്എഫ്‌ഐക്കാര്‍ ക്രിമിനലുകളും ഗുണ്ടകളുമാണെന്നും ഗവര്‍ണര്‍ പറഞ്ഞു. അതിനിടെ ചോദ്യങ്ങള്‍ ചോദിച്ച മാധ്യമപ്രവര്‍ത്തകരോട് ഗവണര്‍ കടക്ക് പുറത്ത് എന്നുപറയുകയും ചെയ്തു.  

ഗവര്‍ണര്‍ താമസിച്ച ഗസ്റ്റ് ഹൗസിലേക്ക് ബാരിക്കേട് മറികടന്ന് അകത്തുകയറാന്‍ ശ്രമിച്ച രണ്ട് വിദ്യാര്‍ഥികളെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. ക്യാമ്പസിന്റെ വിവിധ ഭാഗങ്ങളിലൂടെ കയറാനും എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ ശ്രമിച്ചെങ്കിലും അവരെ പൊലീസ് തടഞ്ഞു. ഇതിനിടെ പൊലീസും വിദ്യാര്‍ഥികളും തമ്മില്‍ ഏറ്റുമുട്ടുന്ന സ്ഥിതിയുണ്ടായി. രണ്ടായിരത്തിലേറെ പൊലീസുകാരെയാണ് ഗവര്‍ണറുടെ സുരക്ഷയ്ക്കായി സര്‍വകലാശാല ക്യാമ്പസില്‍ നിയോഗിച്ചത്.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories