തിരുവനന്തപുരം: സിപിഐയുടെ പുതിയ സംസ്ഥാന സെക്രട്ടറിയായി ബിനോയ് വിശ്വം തുടരും. സിപിഐ നേതൃയോഗത്തിലാണ് തീരുമാനം. ജനറല്‍ സെക്രട്ടറി ഡി.രാജ, കേന്ദ്ര സെക്രട്ടേറിയറ്റ് അംഗങ്ങളായ കെ.നാരായണ, രാമകൃഷ്ണ പാണ്ഡെ, ദേശീയ നിര്‍വാഹകസമിതി അംഗം ആനി രാജ തുടങ്ങിയവര്‍ കൗണ്‍സിലില്‍ പങ്കെടുത്തിരുന്നു.
കാനം രാജേന്ദ്രന്റെ സംസ്‌കാര ചടങ്ങിന് പിന്നാലെ ചേര്‍ന്ന സംസ്ഥാന എക്‌സിക്യൂട്ടീവ് യോഗത്തില്‍ തന്നെ ബിനോയ് വിശ്വത്തെ താല്‍ക്കാലിക സെക്രട്ടറി ആയി തിരഞ്ഞെടുത്തിരുന്നു. 3 മാസത്തെ അവധി ആവശ്യപെട്ടു നല്‍കിയ അപേക്ഷയില്‍ ബിനോയ് വിശ്വത്തിന് ചുമതല നല്‍കാവുന്നതാണന്ന് ശുപാര്‍ശ ചെയ്തിരുന്നത്. ഈ കത്ത് ആയുധമാക്കിയാണ് കാനത്തിന്റെ വിയോഗം സൃഷ്ടിച്ച വൈകാരിക അന്തരീക്ഷത്തില്‍ ബിനോയിയെ താല്‍ക്കാലിക സെക്രട്ടറിയായി തിരഞ്ഞെടുത്തത്.
എന്നാല്‍ കീഴ്‌വഴക്കം ലംഘിച്ചാണ് ബിനോയ് വിശ്വത്തിന്റെ നിയമനമെന്നും, ഇത്ര തിരക്ക് കൂട്ടി പാര്‍ട്ടി സെക്രട്ടിയെ പ്രഖ്യാപിച്ചത് എന്തിനെന്ന ചോദ്യവും മുതിര്‍ന്ന നേതാവായ കെ ഇ ഇസ്മയില്‍ മുന്നോട്ട് വെച്ചിരുന്നു. ഇതേ അഭിപ്രായമുള്ള മറ്റ് നേതാക്കളും പാര്‍ട്ടിയിലുണ്ടായിരുന്നു.