ഇസ്രയേല്‍ ഹമാസ് യുദ്ധത്തിന്റെ ആഘാതത്തിനിടയില്‍ വീണ്ടും ആഗോള വിതരണ ശൃംഖലയെ പിടിച്ചുലച്ചിരിക്കുകയാണ് ചെങ്കടലിലെ ഹൂതികളുടെ ആക്രമണം. ഏറ്റവും സുപ്രധാന പാതയായ ചെങ്കടലില്‍ ഇസ്രയേല്‍ കപ്പലുകള്‍ ആക്രമിക്കുന്നതിന് പിന്നാലെ മറ്റ് കപ്പലുകളിലേക്കും ആക്രമണം വ്യാപിച്ചിരിക്കുകയാണ് ഹൂതികള്‍
യെമന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഹൂതികള്‍ ചെങ്കടലിലൂടെയും സൂയസ് കനാലിലൂടെയും സഞ്ചരിക്കുന്ന വാണിജ്യകപ്പലുകള്‍ക്ക് നേരെ ആക്രമണം ശക്തമാക്കിയതോടെ ആഗോള വാണിജ്യ ശൃംഖലയാകെ പ്രതിസന്ധിയിലാണ്. ഇസ്രയേല്‍ ഗാസ യുദ്ധത്തിന് മറുപടിയായി ചരക്ക് കപ്പലുകള്‍ക്ക് നേരെ ആക്രമണം ശക്തമാക്കിയിരിക്കുകയാണ് ഹൂതികള്‍. ഈ ചെറിയ ഇടനാഴിയിലുണ്ടാകുന്ന ഏതൊരു പ്രശ്‌നവും ആഗോള വിതരണ ശൃംഖലയെ ആകെ ബാധിക്കുന്നതാണ്. ദിജിബൂട്ടിക്കും യെമനിലും മധ്യേയുള്ള ചെങ്കടല്‍ എന്ന കുഞ്ഞന്‍ ഇടനാഴി ഹൂതി ആക്രമണത്തില്‍ പെട്ടതോടെ വന്‍കിട കമ്പനികള്‍ ഇതുവഴിയുള്ള ചരക്കുനീക്കം അവസാനിപ്പിച്ചിരിക്കുകയാണ്.
ഇസ്രയേലിന് നേരെ നടത്തിയ ആക്രമണങ്ങള്‍ വിജയം കാണാതായതോടെയാണ് ഹൂതികള്‍ ചെങ്കടലില്‍ പോര്‍ക്കളം തുറന്നത്. ഇസ്രയേലിലേക്ക് പോകുന്ന ചരക്കുകപ്പലുകള്‍ ആക്രമിക്കുന്ന ഹൂതികളെ നേരിടാന്‍ അമേരിക്ക തുനിഞ്ഞിറങ്ങിയിരിക്കുകയാണ്. ഹൂതികളോട് ജാഗ്രതയോടെ മാത്രമേ നീങ്ങാവൂ എന്ന സൗദി അറേബ്യയുടെ മുന്നറിയിപ്പ് അവഗണിച്ചാണ് അമേരിക്കയുടെ നീക്കം. ഇസ്രയേലിലേക്ക് ഉള്ളവയെ മാത്രം ആക്രമിച്ചുതുടങ്ങിയ ഹൂതികള്‍ മറ്റ് കപ്പലുകളിലേക്കും ആക്രമം അഴിച്ചുവിട്ടിരിക്കുകയാണ്. ഭൂമുഖത്തെ ഏറ്റവും പ്രധാന ചരക്കുപാതകളിലൊന്നായ ചെങ്കടലില്‍ ഹൂതി വിമതരുണ്ടാക്കുന്ന പ്രശ്‌നങ്ങള്‍ ദൂരവ്യാപക പ്രത്യാഘാതങ്ങളാണ് ഉണ്ടാകുക. ആക്രമണം തുടര്‍ന്നാല്‍ എണ്ണയ്ക്കും പ്രകൃതി വാതകത്തിനും വില കുതിച്ചുയരും. കോവിഡിനും, യുക്രൈന്‍ റഷ്യ യുദ്ധത്തിനും ഇസ്രയേല്‍ ഗാസ യുദ്ധത്തിനും ശേഷം മറ്റൊരു പ്രതിസന്ധിയിലേക്ക് ലോകം ചെന്നെത്തും