Share this Article
കോവിഡ് ജെഎന്‍ 1; സംസ്ഥാനങ്ങള്‍ക്ക് ജാഗ്രതാനിര്‍ദേശവുമായി കേന്ദ്രസര്‍ക്കാര്‍
വെബ് ടീം
posted on 18-12-2023
1 min read
COVID JN1 CENTER ADIVISORY

ന്യൂഡല്‍ഹി: കോവിഡ് ജെഎന്‍ 1 വകഭേദത്തിൽ സംസ്ഥാനങ്ങള്‍ക്ക് മാര്‍ഗനിര്‍ദശവുമായി കേന്ദ്ര സര്‍ക്കാര്‍. ജില്ലാ തലത്തില്‍ നിരീക്ഷണങ്ങള്‍ ശക്തമാക്കണമെന്ന് ആരോഗ്യമന്ത്രാലയം നിര്‍ദേശം നല്‍കി. ശ്വാസകോശ അണുബാധ, ഫ്‌ളൂ എന്നിവയുടെ ജില്ലാതല കണക്കുകള്‍ കേന്ദ്രസര്‍ക്കാരിന് നല്‍കണമെന്നും നിര്‍ദേശത്തില്‍ പറയുന്നു.

പരിശോധന ഉറപ്പാക്കണം, രോഗം സ്ഥിരീകരിക്കുന്ന സാമ്പിളുകള്‍ ജനിതക ശ്രേണീ പരിശോധനയ്ക്ക് അയക്കണം, ഉത്സവക്കാലം മുന്നില്‍ കണ്ട് രോഗം പടരാനുള്ള സാധ്യത ഒഴിവാക്കണം എന്നിങ്ങനെയാണ് നിര്‍ദ്ദേശങ്ങള്‍. കോവിഡ് കേസുകളുടെ എണ്ണത്തില്‍ കേരളത്തില്‍ നേരിയ വര്‍ധനവ് ഉണ്ടായാതായും ആരോഗ്യമന്ത്രാലയം അറിയിച്ചു.

ആര്‍ടി പിസിആര്‍ - ആന്റിജന്‍ പരിശോധനകള്‍ കൂടുതല്‍ നടത്തണം, രോഗം സ്ഥിരീകരിക്കുന്ന സാമ്പിളുകള്‍ Indian SARS COV-2 Genomics Consortium (INSACOG) ലബോറട്ടറികളില്‍ ജനിതക ശ്രേണീ പരിശോധന നടത്തണം, ആശുപത്രികളിലെ സാഹചര്യം വിലയിരുത്തണം, ബോധവല്‍ക്കരണം ശക്തമാക്കണം എന്നിങ്ങനെയാണ് നിര്‍ദേശങ്ങള്‍. 

അതേസമയം, ഒന്നര മാസത്തിനിടെ സംസ്ഥാനത്ത് 1600 ലധികം പേര്‍ക്ക് കോവിഡ് വന്നതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. മരിച്ച പത്ത് പേര്‍ക്ക് കോവിഡ് രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാല്‍ ഇവരില്‍ ഭൂരിഭാഗം പേര്‍ക്കും മറ്റ് ഗുരുതര അസുഖങ്ങള്‍ ഉണ്ടായിരുന്നു. പുതിയ കോവിഡ് ഉപവകഭേദം രാജ്യത്ത് ആദ്യം കണ്ടെത്തിയത് കേരളത്തിലാണെന്നത് സംസ്ഥാന ആരോഗ്യ സംവിധാനങ്ങളുടെ മികവ് കൊണ്ടാണെന്നും മന്ത്രി പറഞ്ഞു.

കേരളത്തില്‍ ആദ്യം ഒമൈക്രോണ്‍ ജെഎന്‍ 1 ഉപവകഭേദം കണ്ടെത്തിയതിന്റെ അര്‍ത്ഥം അത് ആദ്യമുണ്ടായത് കേരളത്തിലാണെന്നല്ല. ഒന്നര മാസത്തിനിടെ കേരളത്തില്‍ മരിച്ച 10 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. എന്നാല്‍ മരിച്ചവരില്‍ ഭൂരിഭാഗം പേര്‍ക്കും മറ്റ് ഗുരുതര രോഗങ്ങളുണ്ടായിരുന്നു. നവംബര്‍ മുതല്‍ സംസ്ഥാനത്ത് കോവിഡ് കേസുകളില്‍ നേരിയ വര്‍ധനയുണ്ടായിരുന്നു. സംസ്ഥാനത്തെ കോവിഡ് സാഹചര്യം സര്‍ക്കാരും ആരോഗ്യവകുപ്പും സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ട്. പ്രതിപക്ഷനേതാവ് ഉള്‍പ്പെടെ ഇതിനെ രാഷ്ട്രീയവല്‍ക്കരിക്കുകയാണെന്നും വീണാ ജോര്‍ജ് പറഞ്ഞു.

സംസ്ഥാനത്ത് 1906 ഐസൊലേഷന്‍ ബെഡുകള്‍ തയ്യാറാണെന്നും അനാവശ്യ ഭീതി പടര്‍ത്തരുതെന്നും മന്ത്രി ആവശ്യപ്പെട്ടു.ജെഎന്‍ 1 ഉപവകഭേദത്തിന് വ്യാപനശേഷി കൂടുതലാണെങ്കിലും തീവ്രത കൂടുതലല്ല. രാഷ്ട്രീയവത്കരിക്കുന്നത് നിര്‍ഭാഗ്യകരമാണ്. കേരളം കോവിഡ് കേസുകളുടെ എണ്ണത്തില്‍ മുന്നില്‍ നില്‍ക്കുന്നതിന്റെ കാരണം ഇവിടെ പരിശോധന നടത്തുന്നതാണ്. കേരളത്തില്‍ ആദ്യം ഉപവകഭേദം കണ്ടെത്തിയത് ആരോഗ്യവകുപ്പിന്റെ നേട്ടമാണെന്നും ആരോഗ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories