ന്യൂഡല്‍ഹി: ഇന്ത്യ സഖ്യത്തിന്റെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി തന്റെ പേര് മമത ബാനര്‍ജിയും കെജ്‌രിവാളും നിര്‍ദേശിച്ചത് സംബന്ധിച്ച പ്രതികരണവുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ. ആദ്യം ജയിക്കണം, ആര് പ്രധാനമന്ത്രിയാകുമെന്നത് പിന്നീടുള്ള കാര്യമാണെന്നും ഖാര്‍ഗെ പറഞ്ഞു. ഡല്‍ഹിയില്‍ ചേര്‍ന്ന ഇന്ത്യ മുന്നണിയുടെ യോഗത്തില്‍ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയും തൃണമൂല്‍ അധ്യക്ഷയുമായ മമത ബാനര്‍ജിയാണ് ഖാര്‍ഗെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി നിര്‍ദേശിച്ചത്.
ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളടക്കമുള്ള നേതാക്കള്‍ ഇതിനെ പിന്തുണച്ചതായും യോഗത്തിന് ശേഷം ചില നേതാക്കള്‍ വെളിപ്പെടുത്തിയിരുന്നു.യോഗത്തിന് ശേഷം നടന്ന വാര്‍ത്താസമ്മേളനത്തില്‍ മാധ്യമങ്ങള്‍ ഇക്കാര്യം ചൂണ്ടിക്കാട്ടിയപ്പോള്‍ ഖാര്‍ഗെയുടെ മറുപടി ഇങ്ങനെയായിരുന്നു. 'ആദ്യം എല്ലാവരും ജയിക്കണം. പ്രധാനമന്ത്രി ആരാകുമെന്നത് പിന്നീടുള്ള കാര്യമാണ്. എംപിമാരില്ലെങ്കില്‍ പ്രധാനമന്ത്രിയെ കുറിച്ച് സംസാരിക്കുന്നതില്‍ എന്താണ് കാര്യം. അതുകൊണ്ട് തന്നെ ഒറ്റക്കെട്ടായി നിന്ന് ഭൂരിപക്ഷം നേടാനും വിജയിക്കാനും ശ്രമിക്കണം' ഖാര്‍ഗെ പറഞ്ഞു.
മുന്നണി യോഗത്തിലും ഇതേ അഭിപ്രായമാണ് ഖാര്‍ഗെ നടത്തിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. പ്രതിപക്ഷത്തിന്റെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി താങ്കള്‍ക്കാകാന്‍ കഴിയുമോ എന്ന ചോദ്യത്തിന് ആദ്യം നമുക്ക് ജയിക്കുകയും ഭൂരിപക്ഷം നേടേണ്ടതുമുണ്ട്. തുടര്‍ന്ന് എംപിമാര്‍ പ്രധാനമന്ത്രിയെ ജനാധിപത്യപരമായി തിരഞ്ഞെടുക്കട്ടേയെന്നും ഖാര്‍ഗെ മറുപടി നല്‍കി.
മമത ബാനര്‍ജിയും കെജ്‌രിവാളും ചേര്‍ന്നാണ് ഖാര്‍ഗെയുടെ പേര് നിര്‍ദേശിച്ചതെന്ന് യോഗത്തിന് ശേഷം എംഡിഎംകെ നേതാവ് വൈകോയാണ് പറഞ്ഞത്. എന്നാല്‍ മറ്റ് നേതാക്കള്‍ ഇത് സംബന്ധിച്ച് പരസ്യപ്രതികരണത്തിന് തയ്യാറായില്ല. തീരുമാനമായിട്ടില്ലെന്നും ചില നേതാക്കള്‍ വ്യക്തമാക്കുകയുണ്ടായി.