പ്രതിദിന വരുമാനത്തില്‍ റെക്കോര്‍ഡ് നേട്ടവുമായി കെഎസ്ആര്‍ടിസി. ശനിയാഴ്ച മാത്രം 9.055 കോടി രൂപയുടെ കളക്ഷനാണ് നേടിയത്. പ്രതിസന്ധിക്ക് ഇടയിലാണ് കെഎസ്ആര്‍ടിസിയുടെ നേട്ടം. സംസ്ഥാനത്ത് ശനിയാഴ്ചത്തെ സര്‍വ്വീസില്‍ നിന്ന് മാത്രം വരുമാനമായി 9.055 കോടി രൂപയാണ് നേടിയത്. കഴിഞ്ഞ 11 ന് 9.03 കോടി രൂപ കളക്ഷന്‍ നേടിയിരുന്നു. ഈ റെക്കോര്‍ഡാണ് മറികടന്നത്. മാനേജ്‌മെന്റും ജീവനക്കാരും ഒറ്റക്കെട്ടായി പ്രവര്‍ത്തിച്ചതിന്റെ ഫലമായാണ് റെക്കോഡ് വരുമാനം നേടാനായതെന്ന് കെഎസ്ആര്‍ടിസി എം.ഡി ബിജു പ്രഭാകര്‍ പറഞ്ഞു. കൂടുതല്‍ ബസ്സുകള്‍ നിരത്തിലിറക്കിയതും ഓഫ് റോഡ് നിരക്ക് കുറച്ചതും ഓപ്പറേറ്റ് ചെയ്ത ബസ്സുകള്‍ ഉപയോഗിച്ചുതന്നെ അധിക സര്‍വീസ് നടത്തിയതും നേട്ടമായി. കൂടാതെ ശബരിമല സര്‍വീസിന് ബസ്സുകള്‍ നല്‍കിയപ്പോള്‍ അതിന് ആനുപാതികമായി സര്‍വീസിന് ബസ്സുകളും ക്രൂവും നല്‍കാന്‍ കഴിഞ്ഞതും വരുമാനം നേടാന്‍ സഹായകമായതായി എം.ഡി അറിയിച്ചു.പ്രതിദിനം 10 കോടി രൂപയാണ് കെഎസ്ആര്‍ടിസി ലക്ഷ്യമിടുന്നത്. കൂടുതല്‍ ബസുകള്‍ എത്തുന്നതോടെ ഈ ലക്ഷ്യവും മറികടക്കാന്‍ കഴിയുമെന്നാണ് കെഎസ്ആര്‍ടിയുടെ പ്രതീക്ഷ.