ഐസ്വാള്‍: മിസോറാമില്‍ വോട്ടെണ്ണലിൽ ഭരണകക്ഷിയായ മിസോ നാഷണല്‍ ഫ്രണ്ടിന് കനത്ത തിരിച്ചടി. പ്രതിപക്ഷമായ സോറം പീപ്പിള്‍സ് മൂവ്‌മെന്റ് മൃഗീയ ഭൂരിപക്ഷത്തോടെ ഭരണത്തിലേക്ക്. 40 അംഗ നിയമസഭയില്‍ 26 സീറ്റിലാണ് സെഡ്പിഎം മുന്നിട്ടു നില്‍ക്കുന്നത്. ഭരണകക്ഷിയായ എംഎന്‍എഫ് 10 ല്‍ താഴെ സീറ്റിലേക്ക് ചുരുക്കപ്പെട്ടു.
ബിജെപി രണ്ടു സീറ്റിലും കോണ്‍ഗ്രസ് ഒരു സീറ്റിലും ലീഡ് ചെയ്യുന്നുണ്ട്. എംഎന്‍എഫിന് തിരിച്ചടിയായി മുഖ്യമന്ത്രി സോറം താങ്കയും ഉപമുഖ്യമന്ത്രി തോന്‍ലുവയും പരാജയപ്പെട്ടു. കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ലോല്‍സോട്ടയും തോറ്റവരില്‍പ്പെടുന്നു.
സെഡ് പിഎം തലവനും മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയുമായ ലാല്‍ഡുഹോമ സെര്‍ച്ചിപ്പ് മണ്ഡലത്തില്‍ നിന്നും വിജയിച്ചു. മിസോറാമില്‍ സെഡ്പിഎം ഒറ്റയ്ക്ക് സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് ലാല്‍ഡുഹോമ പറഞ്ഞു. മുന്‍ ഐപിഎസ് ഓഫീസറാണ് ലാല്‍ഡുഹോമ. ആറുപാര്‍ട്ടികളുടെ സഖ്യമായ സെഡ്പിഎം 27 സീറ്റുകളിലാണ് മത്സരിച്ചത്.
കോണ്‍ഗ്രസ് 40 സീറ്റുകളിലും മത്സരിച്ചപ്പോള്‍ ബിജെപി 23 സീറ്റിലും ആം ആദ്മി പാര്‍ട്ടി നാലു സീറ്റുകളിലും സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയിരുന്നു. ആദ്യമായാണ് എഎപി മിസോറാമില്‍ മത്സരിക്കുന്നത്. കഴിഞ്ഞ തവണ എംഎന്‍എഫ് 26 സീറ്റിലും കോണ്‍ഗ്രസ് 05, ബിജെപി 01, സ്വതന്ത്രര്‍ 08 എന്നിങ്ങനെയാണ് വിജയിച്ചത്.