Share this Article
image
പാര്‍ലമെന്റിലെ സുരക്ഷാവീഴ്ച; പ്രതിഷേധിച്ച കേരളത്തിൽ നിന്നുള്ള നാല് എംപിമാർ ഉൾപ്പെടെ അഞ്ച് കോണ്‍ഗ്രസ് എംപിമാര്‍ക്ക് സസ്‌പെന്‍ഷന്‍
വെബ് ടീം
posted on 13-12-2023
1 min read
FIVE CONGRESS MPS SUSPENDED

ന്യൂഡല്‍ഹി: പാര്‍ലമെന്റിലെ സുരക്ഷാ വീഴ്ചയില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പ്രസ്താവന നടത്തണമെന്നാവശ്യപ്പെട്ട് ബഹളം വച്ച അഞ്ച് കോണ്‍ഗ്രസ് എംപിമാരെ ലോക്‌സഭയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു. ടിഎന്‍ പ്രതാപന്‍, ഹൈബി ഈഡന്‍, രമ്യാ ഹരിദാസ്, ഡീന്‍ കുര്യാക്കോസ്, തമിഴ്‌നാട്ടില്‍ നിന്നുളള അംഗമായ ജ്യോതി മണി എന്നിവര്‍ക്കാണ് സസ്‌പെന്‍ഷന്‍. സമാനമായ രീതിയില്‍ രാജ്യസഭയില്‍ പ്രതിഷേധിച്ച തൃണമൂല്‍ കോണ്‍ഗ്രസ് എംപി ഡെറിക് ഒബ്രിയാനെ രാവിലെ സസ്‌പെന്‍ഡ് ചെയ്തിരുന്നു.

കേരളത്തില്‍ നിന്നുള്ള നാല് അംഗങ്ങള്‍ ഉള്‍പ്പെടെ അഞ്ച് ലോക്‌സഭാ അംഗങ്ങളെയാണ് ഈ സമ്മേളന കാലയളവില്‍ സസ്‌പെന്‍ഡ് ചെയ്തത്.  ഗുരുതരമായ അച്ചടക്കലംഘനമാണ് ഇവര്‍ നടത്തിയതെന്നും സഭയുടെ അന്തസ്സിന് ചേരാത്ത വിധത്തില്‍ പ്രതിഷേധം നടത്തിയെന്നതുമാണ് ഇവര്‍ക്കെതിരെ നടപടിക്ക് പ്രധാന കാരണമായതെന്ന് കേന്ദ്ര പാര്‍ലമെന്ററി കാര്യ മന്ത്രി പ്രഹ്ലാദ് ജോഷി അവതരിപ്പിച്ച പ്രമേയത്തില്‍ പറയുന്നു.

ഉച്ചക്ക് സഭാ നടപടികള്‍ അവാസനിപ്പിക്കുന്നതിന് മുന്‍പ് ഇന്നലെയുണ്ടായ സുരക്ഷാവീഴ്ചയില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പ്രസ്താവന നടത്തണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ അംഗങ്ങള്‍ പ്രതിഷേധിച്ചിരുന്നു. ഇതില്‍ കേരളത്തില്‍ നിന്നുള്ള എംപിമാര്‍ ചെയറിനുനേരെ അടുത്ത് എത്തി മുദ്രാവാക്യം വിളിച്ചു. സ്പീക്കറുടെ താക്കീത് ഉണ്ടായിട്ടും അത് വകവെക്കാതെ മുദ്രാവാക്യം വിളി തുടരുകയും ചെയ്തു. സഭാനടപടികള്‍ ഉച്ചക്ക് തുടങ്ങിയതോടെ ഇവര്‍ക്കെതിരായ അച്ചടക്ക നടപടിക്കുള്ള പ്രമേയം പാര്‍ലമെന്ററികാര്യ മന്ത്രി പ്രഹ്ലാദ് ജോഷിയാണ് സഭയില്‍ വായിച്ചത്. അത് സഭ പാസാക്കുകയായിരുന്നു. 

അതേസമയം,  സംഭവത്തില്‍ ലോക്‌സഭയിലെ 8 ജീവനക്കാരെ സസ്‌പെന്‍ഡ് ചെയ്തു. പാര്‍ലമെന്റില്‍ വലിയ സുരക്ഷാവീഴ്ചയുണ്ടായെന്ന് ആക്ഷേപമുയര്‍ന്നതിനു പിന്നാലെയാണു നടപടി. രാംപാല്‍, അരവിന്ദ്, വീര്‍ ദാസ്, ഗണേഷ്, അനില്‍, പ്രദീപ്, വിമിറ്റ്, നരേന്ദ്ര എന്നിവര്‍ക്കെതിരെയാണു നടപടിയെടുത്തത്.

പാര്‍ലമെന്റിന്റെ സുരക്ഷാ സംവിധാനങ്ങള്‍ മറികടന്നു പ്രതിഷേധിച്ച സംഭവത്തില്‍ പ്രതികള്‍ക്കെതിരെ ഭീകര വിരുദ്ധ നിയമമായ യുഎപിഎ പ്രകാരമുള്ള കുറ്റങ്ങള്‍ ചുമത്തി. നിയമവിരുദ്ധ പ്രവര്‍ത്തന നിരോധന നിയമത്തിലെ വകുപ്പുകള്‍ പ്രകാരവും ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 120ബി (ക്രിമിനല്‍ ഗൂഢാലോചന), 452 (അതിക്രമിച്ചു കയറല്‍), കലാപമുണ്ടാക്കാന്‍ ശ്രമം തുടങ്ങിയ വകുപ്പുകള്‍ പ്രകാരവുമാണ് ഡല്‍ഹി പൊലീസിന്റെ പ്രത്യേക സെല്‍ കേസ് റജിസ്റ്റര്‍ ചെയ്തത്.

മൈസൂരു സ്വദേശി ഡി മനോരഞ്ജന്‍, ലക്നൗ സ്വദേശി സാഗര്‍ ശര്‍മ എന്നിവരാണ് സന്ദര്‍ശക ഗാലറിയില്‍നിന്ന് സഭയിലേക്ക് ചാടിയത്. ബിജെപിയുടെ, മൈസൂരുവില്‍ നിന്നുള്ള ലോക്‌സഭാംഗം പ്രതാപ് സിംഹയുടെ ശുപാര്‍ശയിലാണ് ഇവര്‍ക്കു പാസ് കിട്ടിയത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories