തൃശൂർ: ഉപഭോക്താക്കള്‍ക്കായി KvFi 5G പദ്ധതിയുമായി കേരളവിഷന്‍. പുതിയ ബ്രോഡ് ബാന്‍ഡ് വരിക്കാര്‍ക്ക് 5G മോഡവും ഇന്‍സ്റ്റലേഷനും സൗജന്യമാക്കുന്നതാണ് പദ്ധതി. നാളെ മുതല്‍ പദ്ധതിക്ക് തുടക്കം കുറിക്കുമെന്ന് കേരളവിഷന്‍ ഭാരവാഹികള്‍ തൃശ്ശൂരില്‍ അറിയിച്ചു.
ഉയര്‍ന്ന താരീഫ് പ്ലാനുകള്‍ തെരഞ്ഞെടുക്കുന്ന വരിക്കാര്‍ക്ക് ഏറെ ആശ്വാസകരമാവുന്നതാണ് KvFi 5G പദ്ധതി. കേരളം ഇരുകയ്യും നീട്ടി പദ്ധതിയെ സ്വീകരിക്കുമെന്നാണ് പ്രതീക്ഷയെന്ന് കേരളവിഷന്‍ ചെയര്‍മാന്‍ കെ. ഗോവിന്ദന്‍ പറഞ്ഞു.
100 എം.ബി.പി.എസ് പ്‌ളാന്‍ മുതല്‍ മുകളിലേക്കുള്ള നിലവിലെ വരിക്കാര്‍ക്കും പദ്ധതിയുടെ ഗുണം ലഭിക്കും. കേരളവിഷന്റെ സ്വന്തം ഒ.ടി.ടി പ്ലാറ്റ് ഫോമും പുതുമകളോടെയുള്ള ഐ.പി.ടി.വി സര്‍വ്വീസും ഉടന്‍ പ്രവര്‍ത്തന സജ്ജമാവും. ഇതര സംസ്ഥാനങ്ങളിലേക്കു കൂടി കേരളവിഷന്റെ പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിക്കാനുള്ള ഒരുക്കങ്ങള്‍ നടന്നുവരികയാണെന്ന് എം.ഡി സുരേഷ് കുമാര്‍ പി.പി വ്യക്തമാക്കി.
ഇന്ത്യന്‍ ടെലികോം വകുപ്പിന്റെ റിപ്പോര്‍ട്ടു പ്രകാരം കേബിള്‍ വഴി ഇന്റര്‍നെറ്റ് നല്‍കുന്ന രാജ്യത്തെ ഏറ്റവും വലിയ എട്ടാമത്തെ സേവന ദാതാവായി കേരളവിഷന്‍ ബ്രോഡ്ബാന്‍ഡ് അംഗീകരിക്കപ്പെട്ടിരിക്കുകയാണ്. ഡിജിറ്റല്‍ ടി വി സര്‍വ്വീസില്‍ കഴിഞ്ഞ നാലുവര്‍ഷമായി കേരളവിഷന്‍ രാജ്യത്തെ ഏറ്റവും വലിയ ആറാമത്തെ സേവനദാദാവായി തുടരുന്നു. ഇന്ത്യയില്‍ കേബിള്‍ ടി വി വരിക്കാരുടെ എണ്ണത്തില്‍ 40 ശതമാനത്തോളം കുറവു വന്നിട്ടും കേരള വിഷന്‍ വളര്‍ച്ചാ നിരക്ക് നിലനിര്‍ത്തുന്നത് മികച്ച സേവന നിലവാരം ഉറപ്പു വരുത്തുന്നതു കൊണ്ടാണെന്നും ഭാരവാഹികള്‍ പറഞ്ഞു.
സി.ഒ.എ സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.വി രാജന്‍, സംസ്ഥാന സെക്രട്ടറി പി.ബി സുരേഷ് എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.