Share this Article
വൈഗ കൊലക്കേസ്: പിതാവ് സനു മോഹന് ജീവപര്യന്തം
വെബ് ടീം
posted on 26-12-2023
1 min read
VAIGHA MURDER CASE

കൊച്ചി: പത്തു വയസ്സുകാരി വൈഗയെ കൊലപ്പെടുത്തിയ കേസില്‍ പിതാവ് സനുമോഹന് ജീവപര്യന്തം തടവു ശിക്ഷ. കൊലപാതകത്തിന് ജീവപര്യന്തം തടവും, തട്ടിക്കൊണ്ടുപോകൽ, ലഹരി നൽകൽ, തെളിവ് നശിപ്പിക്കൽ അടക്കം മറ്റ് അഞ്ച് വകുപ്പുകളിൽ 28 വര്‍ഷം തടവും ശിക്ഷ വിധിച്ചു. 28 വർഷത്തെ തടവിന് ശേഷം ജീവപര്യന്തം അനുഭവിക്കണമെന്നാണ് കോടതി വിധി. സനുവിനെതിരെ ചുമത്തിയ എല്ലാ കുറ്റങ്ങളും തെളിഞ്ഞെന്ന് കണ്ടെത്തിയാണ്, സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ അതിക്രമ കേസുകള്‍ പരിഗണിക്കുന്ന എറണാകുളം പ്രത്യേക കോടതി ശിക്ഷ വിധിച്ചത്.

ഐപിസി 302, 328, 201, ജുവനൈല്‍ ജസ്റ്റിസ് ആക്ട് 75, 77 വകുപ്പുകള്‍ പ്രകാരം പ്രതി കുറ്റക്കാരനെന്നു കോടതി കണ്ടെത്തി. കുട്ടിയെ കൊലപ്പെടുത്തി, കൊലപാതക ഉദ്ദേശത്തോടെ മദ്യം നല്‍കി, തെളിവു നശിപ്പിക്കല്‍, ബാലനീതി പ്രകാരം കുട്ടികളോടുള്ള ക്രൂരത, കുട്ടികള്‍ക്ക് മദ്യം നല്‍കല്‍ തുടങ്ങിയവയാണ് സനു മോഹനെതിരെ കണ്ടെത്തിയ കുറ്റങ്ങള്‍. 

2021 മാര്‍ച്ച് 22നാണ് വൈഗയെ അച്ഛന്‍ സനു മോഹന്‍ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി മുട്ടാര്‍ പുഴയില്‍ ഉപേക്ഷിച്ചത്. പണം കൊടുക്കാനുള്ളവരെ കബളിപ്പിക്കാനാണ് മകളെ കൊന്നത് എന്നും ആള്‍മാറാട്ടം നടത്തി ജീവിക്കാനായിരുന്നു പദ്ധതിയെന്നുമാണ് സനു മോഹന്റെ കുറ്റസമ്മത മൊഴി. ആലപ്പുഴയിലെ ബന്ധുവീട്ടില്‍ നിന്ന് അമ്മാവനെ കാണിക്കാന്‍ ആണെന്ന് പറഞ്ഞാണ് സനു മോഹന്‍ മകളെ കൂട്ടിക്കൊണ്ടുവന്നത്.

എറണാകുളം കങ്ങരപ്പടിയിലെ ഫ്‌ളാറ്റില്‍ എത്തിച്ച് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹം പുഴയില്‍ ഉപേക്ഷിച്ചു. കൊലപാതക ശേഷം കേരളം വിട്ട പ്രതി ഗോവ, കോയമ്പത്തൂര്‍, മൂകാംബിക തുടങ്ങിയ സ്ഥലങ്ങളില്‍ ഒളിവില്‍ താമസിച്ചു. കാര്‍വാറില്‍ നിന്നാണ് സനുവിനെ പൊലീസ് അറസ്റ്റ് ചെയ്തത്.


ALSO WATCH

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories