കൊച്ചി: തൃശ്ശൂർ ജില്ലയിലെഒല്ലൂര്‍ മണ്ഡലത്തിലെ നവകേരള സദസ്സിന്റെ വേദി സര്‍ക്കാര്‍ മാറ്റി. ഹൈക്കോടതി ഇടപെട്ടതോടെയാണ് സര്‍ക്കാര്‍ തീരുമാനം മാറ്റിയത്.വേദി മാറ്റുകയാണെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. തൃശൂര്‍ സ്വദേശി ഷാജി കോടങ്കണ്ടത്ത് സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹര്‍ജിയാണ് ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ബഞ്ച് പരിഗണിച്ചത്.പുത്തൂര്‍ സുവോളജി പാര്‍ക്കില്‍ പരിപാടി നടത്താനായിരുന്നു സര്‍ക്കാര്‍ നീക്കം.പൊതുപരിപാടിക്ക് എന്തിന് പാര്‍ക്ക് അനുവദിച്ചെന്ന് കോടതി ചോദ്യം ഉന്നയിച്ചതോടെയാണ് സര്‍ക്കാര്‍ പിന്‍വലിഞ്ഞത്.
ശബ്ദസംവിധാനങ്ങള്‍ ഉപയോഗിക്കില്ലേ എന്നും ചോദ്യമുന്നയിച്ചു.മൈക്ക് ഉപയോഗിക്കുന്നുണ്ടോ എന്ന് കോടതി ആരാഞ്ഞു. ശബ്ദ നിയന്ത്രണമുണ്ടെന്ന് പാര്‍ക്ക് ഡയറക്ടര്‍ മറുപടി നല്‍കി. പാര്‍ക്ക് ഉപയോഗത്തിന് മാര്‍ഗനിര്‍ദേശം ഇറക്കിയെന്നും പരിപാടി പാര്‍ക്കിംഗ് ഏരിയയിലാണെന്നും മൃഗങ്ങളെ പാര്‍പ്പിച്ചിരിക്കുന്നത് സംരക്ഷിത മേഖലയിലാണെന്നും ഡയറക്ടര്‍ അറിയിച്ചെങ്കിലും കോടതി കണക്കിലെടുത്തില്ല.
പാര്‍ക്കിന്റെ മുഴുവന്‍ സ്ഥലവും മൃഗശാലയുടെ ആവശ്യത്തിന് മാത്രമുള്ളതാണെന്ന്കോടതി വ്യക്തമക്കി. സര്‍ക്കാര്‍ നിലപാടറിയിച്ചതോടെ കേസിലെ തുടര്‍നടപടികള്‍ കോടതി അവസാനിപ്പിച്ചു.നവകേരള സദസ്സിന് പണം അനുവദിക്കാന്‍ തദ്ദേശഭരണ വകുപ്പ് ഇറക്കിയ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു.മുനിസിപ്പല്‍ ആക്ട് പ്രകാരം പണം ആവശ്യപ്പെടാനാവില്ലെന്ന് കോടതി വ്യക്തമാക്കി.