കൈക്കൂലി കേസിൽ ഇ ഡി ഉദ്യോഗസ്ഥൻ തമിഴ്‌നാട്ടിൽ അറസ്റ്റിൽ. ദിണ്ടിഗലിൽ സർക്കാർ ജീവനക്കാരനിൽ നിന്ന് 20 ലക്ഷം രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥൻ അറസ്റ്റിലായത്. അങ്കിത് തിവാരി എന്ന ഇഡി ഉദ്യോഗസ്ഥനാണ് പിടിയിലായത്. ഇയാളെ ഡിസംബർ 15 വരെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.
സംസ്ഥാന വിജിലൻസും അഴിമതി വിരുദ്ധ വിഭാഗവും സംയുക്തമായി നടത്തിയ പരിശോധനയിലാണ് ഇയാൾ അറസ്റ്റിലായത്. സംഭവത്തിൽ കൂടുതൽ ഇഡി ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യുമെന്ന് വിജിലൻസ് അറിയിച്ചു. അറസ്റ്റിലായ അങ്കിത് തിവാരിയുടെ സഹപ്രവർത്തകർക്ക് സമൻസ് അയക്കും.
അങ്കിത് തിവാരി നിരവധി പേരെ ബ്ലാക്ക് മെയിൽ ചെയ്യുകയും പലരിൽ നിന്നും കോടികൾ കൈക്കൂലി വാങ്ങുകയും ചെയ്തിരുന്നതായും ഉദ്യോഗസ്ഥർ അറിയിച്ചു. മറ്റ് ഉദ്യോഗസ്ഥർക്കും ഇയാൾ കൈക്കൂലി പങ്കിട്ടതായാണ് വിവരം.
അങ്കിത് തിവാരി കുടുങ്ങിയത് ഇങ്ങനെ
ഡിണ്ടിഗലിലെ ഒരു സർക്കാർ ഡോക്ടറുടെ പരാതിയിലാണ് അങ്കിത് തിവാരി പിടിയിലായത്. മൂന്ന് കോടി രൂപ തന്നില്ലെങ്കിൽ അനധികൃത സ്വത്തുസമ്പാദന കേസിൽ കുടുക്കുമെന്ന് തിവാരി ഡോക്ടറെ ഭീഷണിപ്പെടുത്തുകയായിരുന്നു.
ഇത്രയും തുക നൽകാൻ കഴിയില്ലെന്നു പറഞ്ഞതിനെ തുടർന്ന് തുക 51 ലക്ഷമായി കുറച്ചു. തുടർന്ന് കഴിഞ്ഞ മാസം 20 ലക്ഷം രൂപ ഡോക്ടർ തീവാരിക്ക് കൈമാറുകയായിരുന്നു. ബാക്കി തുക ആവശ്യപ്പെട്ട് ഭീഷണി തുടർന്നതോടെയാണ് ഡോക്ടർ വിജിലൻസിനെ വിവരം അറിയിച്ചത്.
അങ്കിത് തിവാരി അറസ്റ്റിൽ
കൈക്കൂലി കൈപ്പറ്റിയതിന് തൊട്ടുപിന്നാലെയാണ് ഡിണ്ടിഗൽ-മധുര ഹൈവേയിൽ സംസ്ഥാന പോലീസ് ഡയറക്ടറേറ്റ് ഓഫ് വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ മധുരൈ ബ്രാഞ്ച് അറസ്റ്റ് ചെയ്തത്. കാറിൽ നിന്ന് പണം പിടിച്ചെടുത്ത പോലീസ് ഇയാളെ ചോദ്യം ചെയ്യാനായി മധുരയിലേക്ക് കൊണ്ടുപോയി. തുടർന്ന് സംസ്ഥാനത്തെ അഴിമതി വിരുദ്ധ ഉദ്യോഗസ്ഥർ മധുരയിലെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഓഫീസിൽ പരിശോധന നടത്തിയതായി റിപ്പോർട്ട്.