ഇന്ത്യക്കാര്‍ക്ക് കനത്ത തിരിച്ചടിയായി ബ്രിട്ടന്റെ പുതിയ വിസ നിയന്ത്രണം. കുടിയേറ്റം കുറയ്ക്കാന്‍ നിയമങ്ങള്‍ ശക്തമാക്കിയിരിക്കുകയാണ് ബ്രിട്ടന്‍. അടിസ്ഥാനശമ്പളത്തിലടക്കം കൊണ്ടുവരുന്ന മാറ്റങ്ങള്‍ മൂന്ന് ലക്ഷത്തിലധികം പേരെ ബാധിക്കും
ബ്രിട്ടനില്‍ ജോലിക്കും പഠനത്തിനുമായി പോകുന്നവര്‍ക്ക് കനത്ത തിരിച്ചടിയാണ് പുതുക്കിയ വിസ നിയമങ്ങള്‍. യുകെയില്‍ ജീവിക്കാനോ ജോലിചെയ്യാനോ ആഗ്രഹിക്കുന്നവര്‍ സ്വയം പര്യാപ്തരായിരിക്കണമെന്നും രാജ്യത്തിന് ബാധ്യതയാകരുതെന്നുമാണ് ബ്രിട്ടീഷ് സര്‍ക്കാര്‍ വ്യക്തമാക്കുന്നത്. മലയാളികള്‍ നഴ്സിങിന് പുറമേ ആശ്രയിക്കുന്ന കെയറര്‍ ജോലിക്കെത്തുന്നവര്‍ക്ക് ഇനി ആശ്രിത വിസയില്ല. കെയറര്‍ വിസയില്‍ ഇനി പങ്കാളികളെയോ രക്ഷിതാക്കളെയോ കൊണ്ടുപോകാന്‍ സാധിക്കില്ല. വിദേശികള്‍ക്ക് കുടുംബവിസ ലഭിക്കാനുള്ള ശമ്പള പരിധി ഉയര്‍ത്തി. കുറഞ്ഞ ശമ്പളം 26200 പൗണ്ടില്‍ നിന്ന് 38700 പൗണ്ടായി ഉയര്‍ത്തിയതായും ബ്രിട്ടന്‍ വ്യക്തമാക്കി.
ഏപ്രില്‍ ഒന്നുമുതലാണ് പുതുക്കിയ മാറ്റങ്ങള്‍ നിലവില്‍ വരുന്നത്. ബ്രിട്ടന്റെ ചരിത്രത്തില്‍ ഏറ്റവും വലിയ നിയന്ത്രണമാണ് നടപ്പിലാക്കിയതെന്നാണ് പ്രധാനമന്ത്രി ഋഷി സുനക് വ്യക്തമാക്കിയത്. 2023 സെപ്റ്റംബര്‍ വരെ ഇത്തരത്തില്‍ ആശ്രിത വിസയിലെത്തുന്നവര്‍ 153000 കടന്നെന്നാണ് കണക്ക്. യുകെയിലേക്ക് കുടിയേറുന്നവരും യുകെ വിട്ട് പോകുന്ന ബ്രിട്ടീഷ് പൗരന്മാരും തമ്മിലുള്ള അന്തരം ഗൗരവകരമായി വര്‍ധിച്ച സാഹചര്യത്തിലാണ് ടോറി പാര്‍ട്ടിയുടെ നിര്‍ബന്ധത്തിന് വഴങ്ങി വിസ ചട്ടം കടുപ്പിക്കാന്‍ ഋഷി സുനക് സര്‍ക്കാര്‍ നിര്‍ബന്ധിതരായത്.