ചെങ്കടലില്‍ ഇന്ത്യന്‍ ചരക്ക് കപ്പലിന് നേരെ ഡ്രോണാക്രമണം. എം.വി സായിബാബ എന്ന കപ്പലിന് നേരെയാണ് ഡ്രോണാക്രമണം ഉണ്ടായത്. കപ്പലിലെ ഇന്ത്യക്കാര്‍ അടക്കമുള്ള ജീവനക്കാര്‍ സുരക്ഷിതരാണ്. ചെങ്കടലില്‍ ഇന്ത്യന്‍ എണ്ണകപ്പലിന് നേരെ ഹൂതി വിമതരാണ് ഡ്രോണാക്രമണം നടത്തിയത്. ഗബോണ്‍ രാജ്യത്തിന്റെ പതാക വഹിക്കുന്ന കപ്പലിലെ ജീവനക്കാരില്‍ 25 പേര്‍ ഇന്ത്യക്കാരാണ്. കപ്പലിലെ എല്ലാവരും സുരക്ഷിതരാണെന്ന് യുഎസ് അറിയിച്ചു. ഇന്നലെ രാത്രി പത്തരയോടെയാണ് കപ്പലിന് നേരെ ഡ്രോണാക്രമണം ഉണ്ടായത്.
24 മണിക്കൂറിനിടെ രണ്ടാമത്തെ കപ്പലിന് നേരെയാണ് ആക്രമണമുണ്ടാകുന്നത്. യെമനിലെ ഹൂതി നിയന്ത്രണമേഖലയില്‍ നിന്നുള്ള നാല് ഡ്രോണുകള്‍ യുഎസ് വെടിവച്ചിട്ടിരുന്നു. ഇസ്രയേല്‍ ബന്ധമുള്ള കപ്പലുകളാണ് ആക്രമിക്കുന്നത് എന്നായിരുന്നു ഹൂതി വിമതരുടെ അവകാശവാദം. എന്നാല്‍ ഒക്ടോബര്‍ 17 മുതല്‍ ആരംഭിച്ച ഡ്രോണാക്രമണത്തില്‍ ഇതുവരെ 15-ഓളം കപ്പലുകള്‍ ആക്രമിക്കപ്പെട്ടു. ഹൂതികള്‍ ശക്തമായ പ്രത്യാക്രമണം നേരിടേണ്ടിവരുമെന്ന് അമേരിക്ക മുന്നറിയിപ്പ് നല്‍കി. ആക്രമണം കടുത്തതോടെ കമ്പനികള്‍ ചരക്കുകപ്പലുകള്‍ ചെങ്കടലില്‍ നിന്നും വഴി തിരിച്ചുവിടുകയാണ്.