ബെംഗളൂരുവില്‍ കടകളിലെ സൈന്‍ബോര്‍ഡുകളില്‍ 60 ശതമാനം കന്നട വേണമെന്ന ഉത്തരവുമായി കര്‍ണാടക സിവിക് ബോഡി. ഇതോടെ ഹിന്ദി കന്നട ചര്‍ച്ച കര്‍ണാടകയില്‍ വീണ്ടും സജീവമായി. സിവിക് ബോഡിയുടെ അധികാരപരിധിയിലുള്ള എല്ലാ വാണിജ്യസ്ഥാപനങ്ങളിലും സൈന്‍ബോര്‍ഡുകളില്‍ അറുപത് ശതമാനം കന്നഡ ഉണ്ടെന്ന് ഉറപ്പുവരുത്തണമെന്നും ഉത്തരവ് പാലിക്കാതിരുന്നാല്‍ നിയമ നടപടികള്‍ വേണ്ടിവരുമെന്നും ബെംഗളൂരു മഹാനഗരപാലിക ചീഫ് കമ്മീഷണര്‍ പറഞ്ഞു. കര്‍ണാടക മുഖ്യമന്ത്രി സിദ്ദരാമയ്യ സംസ്ഥാനത്ത് ജീവിക്കുന്ന എല്ലാവരും കന്നട പഠിച്ചിരിക്കണമെന്നും കന്നടയില്‍ സംസാരിക്കണമെന്നും പ്രസ്താവന നടത്തിയതിന് പിന്നാലെയാണ് ഇത്തരത്തില്‍ ഒരു നീക്കം നടത്തുന്നത്.
കന്നഡ ഭാഷാ വാദം ഉയര്‍ത്തുന്ന കര്‍ണാടക സംരക്ഷണ വേദികെയുടെ സമ്മര്‍ദവും തീരുമാനത്തിന് പിന്നിലുണ്ടെന്ന് പറയുന്നു. ബെംഗളൂരു നഗരത്തിന്റെ 1400 കിലോമീറ്റര്‍ ചുറ്റളവിലുള്ള റോഡുകളില്‍ പ്രവര്‍ത്തിക്കുന്ന എല്ലാ കടകളിലും ഈ നിബന്ധനകള്‍ പാലിക്കണം. സര്‍വേ നടപടികള്‍ പൂര്‍ത്തിയാക്കി നിബന്ധനകള്‍ പാലിക്കാത്ത കടകള്‍ക്ക് നോട്ടീസ് നല്‍കാനാണ് തീരുമാനം. ഫെബ്രുവരി 28നകം പേരുകളില്‍ കന്നഡ ഉള്‍പ്പെടുത്താനാണ് തീരുമാനം. ഇതിനോടകം കന്നഡ ഉള്‍പ്പെടുത്താത്ത കടയുടമകള്‍ നിയമനടപടികളും നേരിടേണ്ടിവരും.ലൈസന്‍സ് റദ്ദാക്കുന്നതടക്കമുള്ള നടപടികളും ഉണ്ടായേക്കും.
കര്‍ണാടക സംസ്ഥാനരൂപീകരണം മുതല്‍ വിവിധ ഭാഷകള്‍ സംസാരിക്കുന്നവര്‍ സ്ഥിരതാമസമാക്കിയ സംസ്ഥാനമാണ് കര്‍ണാടക. എന്നാല്‍ ഇവരെല്ലാം തന്നെ കന്നട നിര്‍ബന്ധമായും സംസാരിക്കണമെന്നാണ് സംസ്ഥാനസര്‍ക്കാര്‍ വ്യക്തമാക്കുന്നത്. പ്രാദേശിക ഭാഷ പഠിക്കാതെ കേരളം, കര്‍ണാടക, തമിഴ്‌നാട് പോലുള്ള സംസ്ഥാനങ്ങളില്‍ അതിജീവിക്കാനാകില്ലെന്നും സിദ്ദരാമയ്യ പറഞ്ഞു.