കാലവും പ്രേക്ഷകരും കൂടെ നിൽക്കുന്നിടത്തോളം സിനിമയിൽ ഉണ്ടാകുമെന്ന് നടൻ മോഹൻലാൽ. മുൻകൂട്ടി തയ്യാറാക്കിയല്ല താൻ സിനിമയിലേക്ക് വന്നത്. സുഹൃത്തുക്കൾ തന്നെ തള്ളിവിട്ടതാണെന്നും മോഹൻലാൽ പറഞ്ഞു. പി വി സാമി അവാർഡ് കോഴിക്കോട് നടന്ന ചടങ്ങിൽ ഏറ്റുവാങ്ങി സംസാരിക്കുകയായിരുന്നു അദ്ദേഹം. കോഴിക്കോട് ശ്രീനാരായണ സെന്റനറി ഹാളിൽ തിങ്ങി നിറഞ്ഞ സദസ്സിന് സാക്ഷിനിർത്തിയാണ് ജ്ഞാനപീഠ പുരസ്കാര ജേതാവ് എം ടി വാസുദേവൻ നായരിൽ നിന്നും നടൻ മോഹൻലാൽ പി.വി.സാമി അവാർഡ് ഏറ്റുവാങ്ങിയത്.
തനിക്ക് ഏറെ പ്രിയപ്പെട്ട നടൻ മമ്മൂട്ടി അടക്കമുള്ളവർ നേരത്തെ ഏറ്റു വാങ്ങിയ പുരസ്കാരം ശ്രീനാരായണഗുരുവിന്റെ പാദസ്പർശമേറ്റ മണ്ണിൽ നിന്നും സ്വീകരിക്കാൻ ആയത് അഭിമാനകരമാണെന്ന് മോഹൻലാൽ പറഞ്ഞു. എംടിയും സത്യൻ അന്തിക്കാടും പോലുള്ളവർ തനിക്കായി കഥാപാത്രങ്ങൾ സൃഷ്ടിച്ചു. അവർ സൃഷ്ടിച്ച കഥാപാത്രങ്ങളാണ് തന്നെ നടനാക്കിയത്. ആ കഥാപാത്രങ്ങൾക്ക് ജീവൻ കൊടുക്കുകയായിരുന്നില്ല. ആ കഥാപാത്രങ്ങൾ തനിക്ക് ജീവൻ നൽകുകയായിരുന്നുവെന്നും മോഹൻലാൽ പറഞ്ഞു.
പി.വി.സാമീ മെമ്മോറിയൽ മാനേജിങ് ട്രസ്റ്റി പി.വി.ചന്ദ്രൻ അധ്യക്ഷത വഹിച്ചു. മേയർ ഡോ.എം. ബീന ഫിലിപ്പ് ഉപഹാരം സമ്മാനിച്ചു. എംപിമാരായ എം.കെ.രാഘവൻ, എളമരം കരീം, എം കെ മുനീർ എംഎൽഎ, കെ.സുരേന്ദ്രൻ, സംവിധായകൻ സത്യൻ അന്തിക്കാട് തുടങ്ങിയവർ സംസാരിച്ചു