കോഴിക്കോട് : ബേപ്പൂർ ഇന്റർനാഷണൽ വാട്ടർ ഫെസ്റ്റിന്റെ മാധ്യമ അവാർഡുകൾ വിതരണം ചെയ്തു. മികച്ച ദൃശ്യമാധ്യമ റിപ്പോർട്ടർക്കുള്ള അവാർഡ് കേരള വിഷൻ ന്യൂസ് കോഴിക്കോട് ബ്യൂറോ ചീഫ് റിയാസ് കെ.എം.ആർ ഏറ്റുവാങ്ങി. ടൂറിസം മന്ത്രി പി.എ.മുഹമ്മദ് റിയാസാണ് അവാർഡ് സമ്മാനിച്ചത്.
മാധ്യമ രംഗത്ത് എട്ടു വിഭാഗങ്ങളിലായി 9 അവാർഡുകളാണ് വിതരണം ചെയ്തത്. ബേപ്പൂർ അന്താരാഷ്ട്ര വാട്ടർ ഫെസ്റ്റിന്റെ ഭാഗമായുള്ള ഉത്തരവാദിത്ത ടൂറിസം മേളയിലെ സ്ത്രീ ജീവിതങ്ങളെ കുറിച്ച് കേരള വിഷൻ ന്യൂസിന് വേണ്ടി റിയാസ് കെ.എം .ആർ തയ്യാറാക്കിയ വാർത്തയാണ് മികച്ച ദൃശ്യമാധ്യമ റിപ്പോർട്ടർക്കുള്ള അവാർഡിന് അർഹമാക്കിയത്. ബേപ്പൂർ ഫെസ്റ്റിന്റെ സമാപന സമ്മേളനത്തിലാണ് മന്ത്രി പി.എ.മുഹമ്മദ് റിയാസ് അവാർഡുകൾ വിതരണം ചെയ്തത്. ദൃശ്യമാധ്യമ വിഭാഗത്തിൽ സമഗ്ര കവറേജിനുള്ള അവാർഡ് 24 ന്യൂസിനും മികച്ച ക്യാമറാമാനുള്ള പുരസ്കാരം റിപ്പോർട്ടർ ടിവിയിലെ വിനീഷ് ഒളവണ്ണക്കും ലഭിച്ചു. അച്ചടി മാധ്യമത്തിനുള്ള സമഗ്ര കവറേജ് പുരസ്കാരം മാതൃഭൂമിയും ദേശാഭിമാനിയും പങ്കിട്ടു. ദി ഹിന്ദുവിലെ ആഭാ രവീന്ദ്രൻ മികച്ച അച്ചടി മാധ്യമ റിപ്പോർട്ടർക്കുള്ള പുരസ്കാരം നേടിയപ്പോൾഓൺലൈൻ റിപ്പോർട്ടറായി മാതൃഭൂമി ഡോട്ട് കോമിലെ അഞ്ജയ് ദാസ് തെരഞ്ഞെടുക്കപ്പെട്ടു. അച്ചടി മാധ്യമത്തിലെ മികച്ച ഫോട്ടോഗ്രാഫർ പുരസ്കാരം മാതൃഭൂമിയിലെ പി. കൃഷ്ണപ്രദീപും മികച്ച റേഡിയോ കവറേജിനുള്ള പുരസ്കാരം ഓൾ ഇന്ത്യ റേഡിയോ ആകാശവാണി പ്രാദേശിക വാർത്താ വിഭാഗവും സ്വന്തമാക്കി. പ്രശസ്ത ഗായിക ആര്യ ദയാലിന്റെ സംഗീതവിരുന്നും മേളയ്ക്ക് മറ്റു കൂട്ടി.