ക്രിസ്‌മസിന് ആഴ്ചകൾ മാത്രം ബാക്കി നിൽക്കെ ക്രിസ്മസ് ബസാറുകള്‍ തുടങ്ങാനാകാതെ സപ്ലൈകോ.സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതാണ് കാരണം. ഒരാഴ്ചയ്ക്കുള്ളില്‍ സര്‍ക്കാര്‍ പണം അനുവദിച്ചില്ലെങ്കില്‍ ഇത്തവണ ക്രിസ്മസ് ചന്തകള്‍ തുടങ്ങാനാകില്ലെന്ന് സപ്ലൈക്കോ വ്യക്തമാക്കി. ഡിസംബര്‍ 15 ഓടെയാണ് സപ്ലൈക്കോയുടെ ക്രിസ്മസ് ചന്തകള്‍ ആരംഭിക്കുന്നത്. ടെന്‍ഡര്‍ വിളിക്കൽ മുതല്‍ സപ്ലൈകോയുടെ ഗോഡൗണുകളില്‍ നിന്ന് സാധനങ്ങള്‍, ഔട്ടലറ്റുകളിലേക്കും ചന്തകളിലേക്കും എത്തിക്കുന്നതിനുമായി ഒരു മാസകാലയളവാണ് വേണ്ടത്. എന്നാല്‍ സര്‍ക്കാര്‍ നല്‍കാനുളള കുടിശിക ലഭിക്കാത്തതിനെ തുടര്‍ന്ന് വിതരണക്കമ്പനികള്‍ കൂട്ടത്തോടെ ടെന്‍ഡര്‍ നടപടിയില്‍ നിസ്സഹകരണം പ്രഖ്യാപിച്ചിരിക്കുകയാണ്.
ക്രിസ്മസ് സീസണില്‍ സപ്ലൈകോ ഔട്ലെറ്റുകള്‍ കാലിയാകുന്ന അവസ്ഥയാണ് നിലവിലുള്ളത്. 740 കോടിയോളം രൂപയാണ് വിതരണക്കാര്‍ക്ക് നിലവില്‍ സ്‌പ്ലൈകോ നല്‍കാനുള്ളത്. ഇതില്‍ കുറച്ചെങ്കിലും നല്‍കാതെ സാധനങ്ങള്‍ നല്‍കാനാകില്ലെന്ന നിലപാടിലാണ് വിതരണക്കാർ. കുടിശ്ശികയുള്ള നൂറ് കോടിയില്‍ കുറച്ചെങ്കിലും നല്‍കിയാലേ സാധനം നല്‍കാനാകൂ എന്ന നിലപാടിൽ കരാറുകാരും. കഴിഞ്ഞ മാസം 14നു ടെന്‍ഡര്‍ തുറന്നെങ്കിലും ഒരു വിതരണക്കാരും അതില്‍ പങ്കെടുത്തില്ല. കൊടുക്കേണ്ടതിൽ അഞ്ഞൂറ് കോടി രൂപയെങ്കിലും ലഭിച്ചാൽ ഒരാഴ്ചയ്ക്കകം വിതരണക്കാരുടെ കുടിശ്ശിക കുറച്ചെങ്കിലും കൊടുത്ത് സാധനങ്ങള്‍ എത്തിക്കാമെന്ന പ്രതീക്ഷയിലാണ് സപ്ലൈകോയും ഭക്ഷ്യവകുപ്പും.