ന്യൂഡൽഹി: അറസ്റ്റിലായ യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി അരവിന്ദ് വെട്ടിക്കലിനു സസ്പെൻഷൻ. അരവിന്ദിനെ എല്ലാ ചുമതകളിൽനിന്നും ഒഴിവാക്കിയതായി പാർട്ടി ദേശീയ നേതൃത്വം അറിയിച്ചു. അരവിന്ദിനെതിരെ ദേശീയ നേതൃത്വത്തിനു നിരവധി പരാതികൾ ലഭിച്ചതായും വ്യക്തമാക്കിയിട്ടുണ്ട്. ആരോഗ്യവകുപ്പിന്റെ മറവില്‍ നിയമനത്തട്ടിപ്പു നടത്തിയതുമായി ബന്ധപ്പെട്ട കേസിലാണ് നടപടി. ആരോഗ്യവകുപ്പിനു പുറമേ ബെവ്കോയിലും അരവിന്ദിന്റെ നേതൃത്വത്തിൽ നിയമനത്തട്ടിപ്പ് നടന്നതായി സൂചനയുണ്ട്.
അരവിന്ദിന്റെ നേതൃത്വത്തിലുള്ള സംഘം കൂടുതല്‍ പേരില്‍നിന്ന് ലക്ഷങ്ങള്‍ തട്ടിയെടുത്തതായി പൊലീസ് സംശയിക്കുന്നുണ്ട്. ഒന്നര ലക്ഷം രൂപ വരെ നഷ്ടമായതായി കാണിച്ച് തട്ടിപ്പിന് ഇരയായ അഞ്ചു പേര്‍ പൊലീസിനു മൊഴി നല്‍കി.
കരുനാഗപ്പള്ളി സ്വദേശിനിയായ യുവതിക്ക് കോട്ടയം ജനറല്‍ ആശുപത്രിയില്‍ റിസപ്ഷനിസ്റ്റായി ജോലി നല്‍കികൊണ്ടുള്ള വ്യാജ കത്ത് ആരോഗ്യവകുപ്പ് ഡയറക്ടര്‍ക്കു ലഭിച്ചതോടെയാണു തട്ടിപ്പ് പുറത്തായത്. ഇതിനായി ആരോഗ്യകേരളത്തിന്റെ വ്യാജ സീലും ഉദ്യോഗസ്ഥരുടെ പേരും ഒപ്പുമെല്ലാം വ്യാജമായി തയാറാക്കിയിരിക്കുന്നു. ഡിഎച്ച്എസ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കന്റോണ്‍മെന്റ് പൊലീസാണ് കേസ് അന്വേഷിക്കുന്നത്.