മുംബൈ:റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ(ആര്‍ബിഐ) ഓഫീസ് ഉള്‍പ്പെടെ രാജ്യത്തെ പ്രമുഖ ബാങ്കുകള്‍ക്ക് ബോംബ് ഭീഷണി. ആര്‍ബിഐക്ക് പുറമേ എച്ച്ഡിഎഫ്‌സി, ഐസിഐസിഐ ബാങ്ക് എന്നിവക്കും ബോംബ് ഭീഷണിയുണ്ട്.
മുംബൈയില്‍ 11 ഇടങ്ങളില്‍ ബോംബ് സ്ഥാപിച്ചിട്ടുണ്ടെന്ന ഇമെയില്‍ സന്ദേശമാണ് റിസര്‍വ് ബാങ്കിന് ലഭിച്ചത്. ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത ദാസ്, കേന്ദ്ര ധനകാര്യമന്ത്രി നിര്‍മല സീതാരാമന്‍ എന്നിവര്‍ രാജിവെക്കണമെന്നാണ് ആവശ്യം.
കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമനും ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത ദാസും രാജിവച്ചില്ലെങ്കില്‍ ആര്‍ബിഐ ഓഫീസ് തകര്‍ക്കുമെന്ന ഭീഷണി ഈമെയിലില്‍ ലഭിച്ചത് തിങ്കളാഴ്ചയെന്നും മുംബൈ പൊലീസ് പറഞ്ഞു. മുംബൈയിലെ ആകെ 11 സ്ഥലങ്ങളില്‍ ബോംബ് വെച്ചിട്ടുണ്ടെന്നും ചൊവ്വാഴ്ച സ്ഫോടനം ഉണ്ടാകുമെന്നും സന്ദേശത്തില്‍ പറയുന്നു. കൂടാതെ ഖിലാഫത്ത് ഇന്ത്യയുമായി തനിക്ക് ബന്ധമുണ്ടെന്ന് ഭീഷണി സന്ദേശം അയച്ചയാള്‍ അവകാശപ്പെട്ടു.
ബോംബ് ഭീഷണിയുടെ പശ്ചാത്തലത്തില്‍ പ്രദേശങ്ങളില്‍ പരിശോധന നടത്തിയെന്നും സംശയാസ്പദമായി ഒന്നും കണ്ടെത്താനായില്ലെന്നും മുംബൈ പൊലീസ് അറിയിച്ചു. കേസ് രജിസ്റ്റര്‍ ചെയ്തത് അന്വേഷണം ആംഭിച്ചതായി പൊലീസ് വ്യക്തമാക്കി. നവംബറില്‍ മുംബൈ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ ബോംബ് വെച്ചിട്ടുണ്ടെന്ന സന്ദേശവും ലഭിച്ചിരുന്നു. ടെര്‍മിനല്‍ രണ്ട് ബോംബ് സ്‌ഫോടനത്തില്‍ തകര്‍ക്കുമെന്നായിരുന്നു സന്ദേശം.