കൊച്ചി: പ്രതിപക്ഷ നേതാവ് വിഡി സതീശനെതിരെയും പ്രതിപക്ഷ നിലപാടിനെതിരെയും പറവൂർ മണ്ഡലത്തിലെ നവകേരള സദസ്സിൽ ആഞ്ഞടിച്ച് മുഖ്യമന്ത്രിയും മന്ത്രിമാരും. നാട് ഒരു രീതിയിലും മുന്നോട്ടു പോകരുതെന്ന ചിന്താഗതിയാണ് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്റേതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സര്‍ക്കാരിന്റെ ജനക്ഷേമ പദ്ധതികളോട് നിസ്സഹകരണം പ്രഖ്യാപിക്കുകയാണ് പ്രതിപക്ഷത്തിന്റെ രീതി. നവകേരള സദസ്സ് ബഹിഷ്‌കരിച്ചതിന്റെ വ്യക്തമായ കാരണം കോണ്‍ഗ്രസ് ഇതുവരെ പറഞ്ഞിട്ടില്ല. ജനാധിപത്യ പ്രക്രിയ ഇല്ലാത്ത ജനാധിപത്യ പാര്‍ട്ടിയാണ് കോണ്‍ഗ്രസെന്നും മുഖ്യമന്ത്രി പറവൂരിൽ നവകേരള സദസ്സിൽ പറഞ്ഞു.
പ്രതിപക്ഷ നേതാവിന്റെ മണ്ഡലത്തിലെ ജനപങ്കാളിത്തം നവകേരളസദസിനെ ജനങ്ങള്‍ സ്വീകരിച്ചതിന് തെളിവാണെന്നും മുഖ്യമന്ത്രി പറഞ്ഞു. നവകേരള സദസിലെത്തരുതെന്ന ബഹിഷ്‌കരണം പറയേണ്ടത് യുഡിഎഫ് കണ്‍വീനറാണ് എന്നാല്‍ ആഹ്വാനം ചെയ്തത് പ്രതിപക്ഷ നേതാവാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഒരുതരം പ്രത്യേക മനോഭാവമാണ് കോണ്‍ഗ്രസിന്റേത്. കേന്ദ്ര ഏജന്‍സികളെ വച്ച് നടത്തിയ വൃത്തികേടുകള്‍ക്ക് ജനങ്ങളാണ് മറുപടി നല്‍കിയത്. അതുപോലെ തന്നെ പ്രതിപക്ഷ നേതാവിന്റെ ബഹിഷ്‌കരണം ജനങ്ങള്‍ തള്ളിയെന്നും മുഖ്യമന്ത്രി പറഞ്ഞു. പറവൂരിലെ ജനങ്ങളില്‍ വിശ്വാസമുണ്ട്. അതുകൊണ്ടാണ് പറവൂരില്‍ കാണാമെന്ന് പറഞ്ഞതെന്നും ഓര്‍മിപ്പിച്ച മുഖ്യമന്ത്രി പറവൂരിലെ നവകേരള സദസിനെത്തിയ ജനത്തിന് നന്ദി പറയുകയും ചെയ്തു.
പറവൂരിലെ തമ്പുരാന് മുഖ്യമന്ത്രി പദം സ്വപ്നം മാത്രമാവുമെന്ന് മന്ത്രി സജി ചെറിയാൻ പറഞ്ഞു.തുടർ ഭരണം മാത്രമല്ല തുടർച്ചയായ ഭരണത്തിലേക്കാണ് ഇടതുപക്ഷം പോകുന്നതെന്ന് സജി ചെറിയാൻ പറഞ്ഞു. പറവൂരിൻ്റെ ഗതികേടാണ് വിഡി സതീശൻ. ഇതെങ്ങനെ സംഭവിക്കുന്നുവെന്ന് ഇവിടുത്തെ ജനങ്ങൾ ചിന്തിക്കണം. കേരളത്തിൻ്റെ സ്വത്താണ് മുഖ്യമന്ത്രി പിണറായി വിജയൻ. ആ പിണറായി വിജയനെയാണ് വിഡി സതീശൻ ക്രിമിനൽ എന്ന് വിളിച്ചത്. ഈ സദസ് അശ്ലീല സദസാണോയെന്ന് പറയേണ്ടത് ജനങ്ങളാണ്. പറവൂരിലെ എല്ലാ വിഷയങ്ങളും ഇനി ഇടതു മുന്നണി പരിഹരിക്കുമെന്നും സജി ചെറിയാൻ വ്യക്തമാക്കി.
പ്രതിപക്ഷ നേതാവ് നവകേരള സദസ്സിനെ അശ്ലീല സദസ്സ് എന്ന് വിളിച്ചു അപമാനിക്കുകയാണ് ചെയ്തതെന്ന് മന്ത്രി പി പ്രസാദ് കുറ്റപ്പെടുത്തി. കുടുംബശ്രീ, ഹരിത കർമ സേന അംഗങ്ങൾ കൊണ്ട് മാത്രം ആണ് സദസ്സ് നിറയുന്നത് എന്നാണ് പറയുന്നത്. ഇവിടെ ആരും എത്തിയത് എന്തെങ്കിലും പ്രേരണ കൊണ്ടല്ല. കുടുംബശ്രീ അംഗങ്ങൾ നാടിന്റെ അഭിമാനമാണ്, നമ്മുടെ സ്വന്തമാണ്. പ്രതിപക്ഷ നേതാക്കളുടെ മാനസിക അവസ്ഥ അങ്ങനെയായത് കൊണ്ടാണ് ഇങ്ങനെ പറയുന്നതെന്നും മന്ത്രി വിമർശിച്ചു. പ്രതിപക്ഷ നേതാവ് എറണാകുളം ജില്ലക്കാരനായതിൽ ലജ്ജ തോന്നേണ്ട സമയമാണെന്ന് നവ കേരള സദസ്സിൽ പങ്കെടുക്കാനും പരാതി പറയാനുമെത്തിയവരോട് മന്ത്രി ആർ ബിന്ദുവും പറഞ്ഞു. പറവൂരിൽ വികസനം മുരടിച്ചുവെന്ന് മന്ത്രി ബിന്ദു പ്രസംഗത്തിൽ കുറ്റപ്പെടുത്തി.