സൗദി അറേബ്യയിൽനിന്ന് ഇഷ്യു ചെയ്യുന്ന എല്ലാത്തരം വിസകളും ഇനിയൊറ്റ വെബ് പോർട്ടലിൽനിന്ന് ലഭിക്കും. ‘സൗദി വിസ’ എന്ന പേരിൽ ഏകീകൃത ദേശീയ പ്ലാറ്റ്ഫോം വിദേശകാര്യ മന്ത്രാലയം ആരംഭിച്ചു. ‘ഡിജിറ്റൽ ഗവൺമെൻറ് ഫോറം 2023’ലാണ് ഇത് സംബന്ധിച്ച പ്രഖ്യാപനം നടന്നത്.
മന്ത്രാലയത്തിന്റെ ഡിജിറ്റൽ വികസന പദ്ധതിയുടെ ഭാഗമായാണ് പുതിയ സംവിധാനം . ‘സൗദി വിസ’ പോർട്ടൽ എല്ലാ സർക്കാർ വകുപ്പുകൾക്കും ‘വിഷൻ 2030’ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനുള്ള ദേശീയ പങ്കാളിത്ത ഡിജിറ്റൽ പ്ലാറ്റ്‌ഫോമാണ്.ഹജ്ജ്, ഉംറ, ബിസിനസ്, ഫാമിലി വിസിറ്റ്, തൊഴിൽ തുടങ്ങി എല്ലാ ആവശ്യങ്ങൾക്കുമുള്ള വിസകളാണ് പോർട്ടലിലൂടെ ലഭ്യമാക്കുക. ഇതിനാവശ്യമായ നടപടിക്രമങ്ങൾ സുഗമമായി പൂർത്തീകരിക്കുന്നതിന് 30ലധികം മന്ത്രാലയങ്ങൾ, അധികാരികൾ, സ്വകാര്യ സ്ഥാപനങ്ങൾ എന്നിവയെ ബന്ധിപ്പിക്കുന്ന ഇ-പോർട്ടൽ സഹായിക്കും.
വിസ അനുവദിക്കാൻ നേരത്തെ, അപേക്ഷ സ്വീകരിച്ച് 45 ദിവസത്തിൽ കൂടുതൽ സമയം ആവശ്യമായിരുന്നു. എന്നാൽ ഇന്ന് അപേക്ഷ സ്വീകരിച്ച് 60 സെക്കൻഡിനുള്ളിൽ വിസ ഇഷ്യൂ ചെയ്യാൻ കഴിയും.നടപടിക്രമങ്ങൾ പ്ലാറ്റ്ഫോമിലൂടെ സ്വമേധയാ പൂർത്തിയാകും. ഏതൊക്കെ വിസകൾ ലഭ്യമാണെന്ന് അറിയാൻ അപേക്ഷകനെ സഹായിക്കുന്ന ഒരു സ്‌മാർട്ട് സെർച്ച് എൻജിൻ, വിസകൾ നൽകുന്നതിനും പിന്നീട് വീണ്ടും അപേക്ഷിക്കുന്നതിനും സൗകര്യമൊരുക്കുന്ന അപ്‌ഡേറ്റ് ചെയ്‌ത വ്യക്തിഗത ഫയലും ഇതിൽ ഉൾപ്പെടുന്നുണ്ട് . ഡാറ്റയുടെ സാധുത പരിശോധിക്കുന്നതിന് ആർട്ടിഫിഷ്യൽ ഇൻറലിജൻസ് സാങ്കേതിക സംവിധാനവും ഉപയോഗിക്കുന്നു.