സംസ്ഥാനത്ത് വീണ്ടും കൊവിഡ് കേസുകള്‍ വര്‍ധിക്കുന്നു. ലോകത്ത് പടർന്ന് പിടിക്കുന്ന ഒമിക്രോൺ ഉപവകഭേദമാണ് ആശങ്ക ഉയർത്തുന്നത്. രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്ത കോവിഡ് കേസുകളില്‍ കൂടുതലും കേരളത്തില്‍ ആണ് സ്ഥിരീകരിച്ചത്.
ഒരു ഇടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് കൊവിഡ് കേസുകള്‍ ഉയരുകയാണ്. നിലവിൽ സ്ഥിരീകരിച്ച 1492 കേസുകളില്‍ 1324 കേസുകളും കേരളത്തില്‍ ആണ് റിപ്പോർട്ട് ചെയ്തത്. ഇന്നലെ സ്ഥിരീകരിച്ച 329 കേസുകളില്‍ 298 കേസുകളും കേരളത്തിലാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ലോകത്ത് പടർന്ന് പിടിക്കുന്ന വ്യാപന ശേഷി കൂടുതലുള്ള ഒമിക്രോൺ ജെ എൻ വൺ എന്ന ഉപവകഭേദമാണ് ഇപ്പോൾ സംസ്ഥാനത്ത് ആശങ്ക ഉയർത്തുന്നത്.
വ്യാപന ശേഷി കൂടുതലായ വൈറസിനെ പരിശോധനയിൽ കണ്ടെത്തിയ സാഹചര്യത്തിൽ കേരളം ജാഗ്രത കടുപ്പിക്കണമെന്നാണ് ആരോഗ്യ വിദഗ്ധരുടെ മുന്നറിയിപ്പ്. അതേസമയം കേരളത്തിൽ ഏറ്റവും കൂടുതല്‍ കൊവിഡ് പരിശോധന നടക്കുന്നതിനാൽ വേഗത്തിൽ രോഗം കണ്ടെത്താൻ സാധിക്കുന്നുണ്ട്. ദിവസം 700 മുതൽ 1000 കോവിഡ് പരിശോധന നടക്കുന്നുണ്ട്. ആരോഗ്യവകുപ്പ് ഉടൻ തന്നെ രോഗവ്യാപനം തടയാനുള്ള നടപടികൾ ആരംഭിച്ചേക്കും.