എറണാകുളം: സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ നിര്യാണത്തെ തുടർന്ന് നിർത്തി വെച്ച നവകേരള സദസ്സ് ഇന്ന് വീണ്ടും പര്യടനം തുടരും.സംസ്കാര ചടങ്ങുകൾക്ക് ശേഷം ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് ഇന്നത്തെ പര്യടനം ആരംഭിക്കുക. എറണാകുളം ജില്ലയിൽ മാറ്റിവെച്ച മണ്ഡലങ്ങളിൽ ഒഴികെ മറ്റ് മണ്ഡലങ്ങളിലെ മുഴുവൻ സദസ്സും ഇന്ന് പൂർത്തിയാകും.
പെരുമ്പാവൂർ,കോതമംഗലം,മൂവാറ്റുപുഴ,തൊടുപുഴ എന്നീ മണ്ഡലങ്ങളിലാണ് ഇന്നത്തെ പര്യടനം.ആദ്യ മൂന്നു മണ്ഡലങ്ങളിലെ സന്ദർശനത്തോടെ എറണാകുളം ജില്ലയിലെ നവകേരള സദസ്സ് പൂർത്തിയാകും. സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ മരണത്തെ തുടർന്ന് മാറ്റി വെച്ച കഴിഞ്ഞ ദിവസം നടക്കേണ്ട നാല് മണ്ഡലങ്ങളിലെ നവ കേരള സദസ്സ് മാത്രമാണ് ജില്ലയിൽ ബാക്കിയാവുക. ഇന്ന് രാവിലെ നടക്കേണ്ട പ്രഭാതയോഗവും പത്രസമ്മേളനവും ഒഴിവാക്കിയിരുന്നു.പെരുമ്പാവൂർ മണ്ഡലത്തിൽ രാവിലെ 10 മണിയോടെ പരാതി കൌണ്ടറുകൾ പ്രവർത്തനം ആരംഭിച്ചു . ഇരുപത്തിയാർ കൌണ്ടറുകളാണ് തുറന്നു നൽകിയത്. ആദ്യ മണിക്കൂറുകളിൽ തന്നെ നിരവധി പരാതികൾ ലഭിച്ചെങ്കിലും കൌണ്ടറുകളുടെ എണ്ണം വർധിപ്പിച്ചതും കൌണ്ടറുകൾ നേരത്തെ പ്രവർത്തിച്ചു തുടങ്ങിയതും തിരക്ക് ഒഴിവാക്കി.ഇരുപത്തി അയ്യായിരത്തിനു മുകളിൽ ജനങ്ങൾക്ക് പങ്കെടുക്കാൻ സാധിക്കുന്ന തരത്തിലാണ് ഓരോ മണ്ഡലത്തിലും സജീകരണങ്ങൾ നടത്തിയത് .വിവിധ മണ്ഡലങ്ങളിലേക്ക് ജനങ്ങളെ എത്തിക്കുന്നതിനായി ഇരുന്നൂറ്റി അമ്പതിനു മുകളിൽ വാഹന സൗകര്യങ്ങളും ഒരുക്കി.ഓരോ പന്തലിലും ആറായിരത്തിനു മുകളിലുള്ളവർക്ക് ഇരിക്കാനുള്ള സൗകര്യങ്ങളും ഉണ്ട്.വൈകുന്നേരം 6.30 ഓടെ തൊടുപുഴയിൽ നടക്കുന്ന സദസ്സോടെ നവകേരള സദസ്സ് ഇടുക്കി ജില്ലയിൽ പ്രവേശിക്കും