ആലപ്പുഴ: ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും പ്രഭാത ഭക്ഷണമായി നൽകി വന്ന ബ്രഡ് വിതരണം നിലച്ചു. 20 ലക്ഷം രൂപ സർക്കാർ കുടിശിക ആയതോടെ ബ്രഡ് വിതരണക്കാരായ മോഡേണ്‍ ബ്രഡ്, ഒന്ന് മുതൽ വിതരണം അവസാനിപ്പിക്കുകയായിരുന്നു. മില്‍മയ്ക്കും 15 ലക്ഷം രൂപ കുടിശിക നല്‍കാനുണ്ടെങ്കിലും രോഗികളുടെ അവസ്ഥ കണക്കിലെടുത്ത് പാല്‍ വിതരണം മുടക്കിയിട്ടില്ല. പണം നൽകിയില്ലെങ്കില്‍ പാല്‍ വിതരണം നിര്‍ത്തേണ്ടി വരുമെന്ന് മില്‍മ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
സ്വകാര്യ മേഖലയില്‍ മള്‍ട്ടി സൂപ്പര്‍ സ്പെഷ്യാലിറ്റി ആശുപത്രികള്‍ ഇല്ലാത്ത ജില്ലയാണ് ആലപ്പുഴ. അത് കൊണ്ട് തന്നെ ദേശീയപാതയോരത്തോട് ചേര്‍ന്ന് കിടക്കുന്ന വണ്ടാനം മെഡിക്കല്‍ കോളേജാണ് വിദ്ഗധ ചികില്‍സക്ക് ജനങ്ങളുടെ ഏക ആശ്രയം. ദിവസവും ചികിത്സയ്ക്കായി എത്തുന്നത് രണ്ടായിരത്തലധികം പേരാണ്. സാമ്പത്തിക ശേഷി കുറഞ്ഞ പാവപ്പെട്ട രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും ഏറെ പ്രയോജനം ചെയ്യുന്നതാണ് പ്രഭാത ഭക്ഷണമായി വിതരണം ചെയ്യുന്ന പാലും ബ്രഡും.