ന്യൂയോർക്ക്: അമേരിക്കയിലെ ന്യൂജഴ്‌സിയിൽ നിന്ന് കാണാതായ 29 കാരിയായ ഇന്ത്യൻ വിദ്യാർഥിനിയെ കുറിച്ച് വിവരം നൽകുന്നവർക്ക് ഫെഡറൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ (എഫ്ബിഐ) 10,000 ഡോളർ വരെ പാരിതോഷികം നൽകുമെന്ന് അറിയിപ്പ് . 2019 ഏപ്രിൽ 29 ന് വൈകുന്നേരം ജേഴ്‌സി സിറ്റിയിലെ അപ്പാർട്ട്‌മെന്‍റിൽ നിന്ന് ‘പൈജാമ പാന്‍ററും കറുത്ത ടി ഷർട്ടും’ ധരിച്ചാണ് മയുഷി ഭഗതിനെ അവസാനമായി കണ്ടത്. 5 അടി 10 ഇഞ്ച് ഉയരം, കറുത്ത മുടിയും തവിട്ട് നിറമുള്ള കണ്ണുകളുമാണ് മയുഷിക്ക് ഉള്ളത്. 2019 മെയ് ഒന്നിനാണ് മയൂഷിയെ കാണാതായ വിവരം ചൂണ്ടിക്കാട്ടി വീട്ടുകാർ പൊലീസിൽ പരാതി നൽകിയത്.
മയുഷിക്ക് കണ്ടെത്തുന്നതിന് അധികൃതർ പൊതുജനങ്ങളുടെ സഹായം തേടിയിരിക്കുകയാണ്. കഴിഞ്ഞ വർഷം ജൂലൈയിൽ എഫ്ബിഐ മയൂഷി ഭഗതിനെ ദീർഘകാലമായി കാണാതായവരുടെ പട്ടികയിൽ ഉൾപ്പെടുത്തിരുന്നു. അന്നും മയൂഷിയെ കണ്ടെത്തുന്നതിന് എഫ്ബിഐ പൊതുജനങ്ങളിൽ നിന്ന് സഹായം തേടിയിരുന്നു.
1994 ജൂലൈയിൽ ഇന്ത്യയിൽ ജനിച്ച ഭഗത് 2016-ൽ എഫ്1 സ്റ്റുഡന്‍റ് വീസയിൽ യുഎസിലെത്തി ന്യൂ ഹാംഷെയർ സർവകലാശാലയിൽ ചേർന്നു. എഫ്ബിഐ പറയുന്നതനുസരിച്ച്, മയൂഷി ഭഗത് ഇംഗ്ലിഷ്, ഹിന്ദി, ഉറുദു എന്നിവ സംസാരിക്കും, കൂടാതെ സൗത്ത് പ്ലെയിൻഫീൽഡ്, ന്യൂജഴ്‌സി മേഖലയിൽ സുഹൃത്തുക്കളുമുണ്ട്. മയൂഷി ഭഗതിനെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ പ്രാദേശിക എഫ്ബിഐ ഓഫിസുമായോ അടുത്തുള്ള അമേരിക്കൻ എംബസിയുമായോ കോൺസുലേറ്റുമായോ ബന്ധപ്പെടണമെന്ന് നിയമ നിർവ്വഹണ ഏജൻസി അറിയിച്ചു.