കാല്‍നൂറ്റാണ്ടായി പത്തനാപുരം എംഎല്‍എയായി തുടരുന്ന കെ.ബി ഗണേഷ് കുമാര്‍, മൂന്നാം തവണയാണ് മന്ത്രിസ്ഥാനത്തേക്ക് എത്തുന്നത്. സോളാര്‍ കേസില്‍ ഉമ്മന്‍ചാണ്ടിയെ കുടുക്കാന്‍ ശ്രമിച്ചു എന്നതടക്കമുള്ള ആരോപണങ്ങള്‍ ഗണേഷിനെതിരെ നിലനില്‍ക്കുമ്പോഴാണ് പിണറായി മന്ത്രിസഭയിലേക്കുള്ള പ്രവേശം.
സിനിമയില്‍ നിന്ന് രാഷ്ട്രീയത്തിലെത്തിയതാണ് ഗണേഷ് കുമാര്‍. അച്ഛന്‍ ബാലകൃഷ്ണപിള്ളയുടെ രാഷ്ട്രീയ രക്തമാണ് ഗണേഷിന് വഴിയൊരുക്കിയത്. 2000ല്‍ ഒരു സിനിമാക്കാരനിൽ നിന്നും രാഷ്ട്രീയത്തിലേക്ക് കടന്നു ഗണേഷ്. 2001ല്‍ പത്തനാപുരം മണ്ഡലത്തില്‍ നിന്ന് യുഡിഎഫ് സ്ഥാനാര്‍ഥിയായി ജയിച്ച് നിയമസഭയിലേക്ക് കയറി. പിന്നീട് നടന്ന എല്ലാ നിയമസഭ തെരഞ്ഞെടുപ്പിലും പത്തനാപുരം ഗണേഷിനെ തുണച്ചു. 2001 ല്‍ തുടങ്ങി 2021 ലും പത്തനാപുരത്തിന്റെ സ്ഥിരം എംഎല്‍എയാണ് ഗണേഷ്. കന്നി അങ്കത്തില്‍ എംഎല്‍എ പദവിക്കൊപ്പം മന്ത്രിപദവും ലഭിച്ചു ഗണേഷിന്. എകെ ആന്റണി മന്ത്രിസഭയിലെ ഗതാഹത വകുപ്പ് മന്ത്രിയായ ഗണേഷ് അച്ഛന്‍ ആര്‍ ബാലകൃഷ്ണപിള്ളയ്ക്കായി മന്ത്രിസ്ഥാനം രാജിവയ്ക്കുകയായിരുന്നു. 2011ല്‍ ഉമ്മന്‍ചാണ്ടി മന്ത്രി സഭയില്‍ വനം,പരിസ്ഥിതി വകുപ്പ് കൈകാര്യം ചെയ്ത ഗണേഷ് ഭാര്യയുമായുണ്ടായ വിവാഹ മോചനതര്‍ക്കത്തെ തുടര്‍ന്ന് 2013ല്‍ രാജി വച്ചു. രണ്ടാം പിണറായി മന്ത്രിസഭയില്‍ വീണ്ടും മന്ത്രിക്കുപ്പായമണിയുകയാണ് ഗണേഷ് കുമാര്‍. സെലക്ടീവ് റോളുകളില്‍ മാത്രം അഭിനയിച്ച് മുഴുവന്‍ സമയ രാഷ്ട്രീയ കുപ്പായമിട്ട ഗണേഷ് കുമാര്‍ കക്ഷി രാഷ്ട്രീയത്തിലുപരിയായുള്ള സമീപനം പല വിഷയങ്ങളിലും കാഴ്ചവച്ചിട്ടുണ്ട്. തോല്‍വി അറിയാതെ ജയിച്ച് കയറിയ പത്തനാപുരത്തിന്റെ സ്ഥിരം എംഎല്‍എ മൂന്നാം തവണ മന്ത്രിക്കുപ്പായമണിയുകയാണ്.