Share this Article
നവകേരള സദസ്സിനെ വിമര്‍ശിച്ച് പോസ്റ്റ്; യൂത്ത് കോണ്‍ഗ്രസ് നേതാവിനെതിരെ കലാപാഹ്വാനത്തിന് കേസെടുത്തു
വെബ് ടീം
posted on 09-12-2023
1 min read
POST CRITIZING NAVA KERALA YATHRA POLICE CASE AGAINST YOUTH CONGRESS LEADER

പാലക്കാട്: നവകേരള സദസ്സിനെ  വിമര്‍ശിച്ചതിന് യൂത്ത് കോണ്‍ഗ്രസ് നേതാവിനെതിരെ കലാപാഹ്വാനത്തിനു കേസെടുത്ത്‌ പൊലീസ്. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി ഒ.കെ.ഫാറൂഖിനെതിരെ തൃത്താല പൊലീസാണ് കേസെടുത്തത്. സിപിഎം നേതാക്കളുടെ പരാതിയെ തുടര്‍ന്നാണ് കേസ്. 

'ആലിബാബയും 41 കള്ളന്‍മാരും' എന്ന തലക്കെട്ടില്‍ നവകേരള ബസിന്റെ മാതൃകയിലുള്ള ചിത്രത്തോടപ്പമുള്ള പോസ്റ്റാണ് കേസിനാധാരം. 'നവകേരള സദസ്സില്‍ വന്‍ ജനക്കൂട്ടം: മുഖ്യമന്ത്രി, പോക്കറ്റടിക്കാരെയും കള്ളന്മാരെയും ആകാംക്ഷയോടെ കാണാന്‍ ജനം കൂടുന്നത് സ്വാഭാവികം' എന്നും ഫാറൂഖ് പോസ്റ്റില്‍ പറഞ്ഞു. നവകേരള യാത്ര പാലക്കാട് ജില്ലയിലേക്ക് കടക്കുന്ന സമയത്താണ് ഫാറൂഖ് ഫെയ്‌സ്ബുക്കില്‍ പോസ്റ്റിട്ടത്. പോസ്റ്റില്‍ മുഖ്യമന്ത്രിയെയും മന്ത്രിമാരേയും ബോധപൂര്‍വം കള്ളന്‍മാരായി ചിത്രീകരിക്കാന്‍ ശ്രമിച്ചെന്നാണ് സിപിഎം നേതാക്കള്‍ പരാതിയില്‍ പറയുന്നത്.  പരാതി ലഭിച്ചതിനു പിന്നാലെ തൃത്താല പൊലീസ് ഫാറൂഖിനെ വിളിച്ച് വിശദമായ മൊഴി രേഖപ്പെടുത്തുകയും കേസ് റജിസ്റ്റര്‍ ചെയ്യുകയായിരുന്നു.

അതേസമയം, കേസ് നിയമപരമായും രാഷ്ട്രീയമായും നേരിടുമെന്ന് ഫാറൂഖും യൂത്ത് കോണ്‍ഗ്രസും വ്യക്തമാക്കി. 'പിണറായി സര്‍ക്കാരിന്റെ ധൂര്‍ത്തിനും നവ കേരള സദസ്സിനുമെതിരെ ഞാന്‍ നവംബര്‍ 19ന് ഫെയ്‌സ്ബുക്കില്‍ ഒരു പോസ്റ്റിട്ടിരുന്നു, ഇന്ന് തൃത്താല പൊലീസ് എനിക്കെതിരെ സിപിഎം നേതാക്കളുടെ പരാതിയില്‍ കേസ് എടുത്തിട്ടുണ്ട്. കലാപാഹ്വാനം നടത്തി എന്നാണത്രേ കേസ്. പറയാനുള്ളത് ഇനിയും ആര്‍ജ്ജവത്തോടെ പറഞ്ഞു കൊണ്ടേയിരിക്കും. കേസുകള്‍ നിങ്ങള്‍ എടുത്തു കൊണ്ടേയിരിക്കുക'  'ഫാസിസം തുലയട്ടെ' എന്ന തലക്കെട്ടില്‍ ഫാറൂഖ് കുറിച്ചു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories