മലയാള സിനിമാ രംഗത്ത് സമാനതകളില്ലാത്ത വേഷങ്ങള്‍ സമ്മാനിച്ച അതുല്ല്യ പ്രതിഭ. നാലു പതിറ്റാണ്ടായി സിനിമാ സീരിയല്‍ രംഗത്തെ നിറസാന്നിധ്യം. വില്ലനായും സ്വഭാവനടനായും മലയാളികളുടെ മനസ്സ് കീഴടക്കിയ നടന്‍ മേഘനാഥന് ആദരാഞ്ജലികള്‍.
സ്വഭാവിക വേഷങ്ങളിലൂടെ ജനപ്രീതി നേടിയ നടന്‍...മലയാള സിനിമാ- സീരിയില്‍ രംഗത്തും തമിഴ് ചിത്രങ്ങളിലും തന്റെതായ മുദ്ര പതിപ്പിച്ച പ്രതിഭ. അഭിനയിച്ചതില്‍ ബഹുഭൂരിപക്ഷവും വില്ലന്‍ കഥാപാത്രങ്ങളാണെങ്കിലും ജനഹൃദയങ്ങളില്‍ എക്കാലവും അടയാളപ്പെടുത്താവുന്ന വേഷങ്ങളായിരുന്നു അവ.
ചെന്നൈയില്‍നിന്ന് പ്രാഥമിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ മേഘനാഥന്‍, കോയമ്പത്തൂരില്‍നിന്ന് ഓട്ടോമൊബൈല്‍ എന്‍ജിനീയറിങ്ങില്‍ ഡിപ്ലോമയും നേടിയിരുന്നു. തുടര്‍ന്നാണ് അഭിനയരംഗത്തേക്ക് കടക്കുന്നത്. 1983-ല്‍ പുറത്തിറങ്ങിയ പി.എന്‍. മേനോന്‍ സംവിധാനം ചെയ്ത അസ്ത്രമാണ് ആദ്യചിത്രം. പിന്നീട് ഈ പുഴയും കടന്ന്, ഒരു മറവത്തൂര്‍ കനവ്, ചമയം, ചന്ദ്രനുദിക്കുന്ന ദിക്കില്‍ തുടങ്ങി നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചു.
സിബി മലയിലിന്റെ സംവിധാനത്തില്‍ 1993-ല്‍ പുറത്തിറങ്ങിയ ചെങ്കോല്‍ എന്ന സിനിമയിലെ കീരിക്കാടന്‍ സണ്ണിയെ അത്രപെട്ടന്നൊന്നും മലയാളി മറക്കാനാനിടയില്ല. അത്രമേല്‍ കയ്യടക്കത്തോടെ മേഘനാഥന്‍ കഥാപാത്രത്തെ കൈകാര്യം ചെയ്തു.
ആദ്യകാലത്ത് വില്ലന്‍വേഷങ്ങളില്‍ പ്രത്യക്ഷപ്പെട്ടിരുന്ന മേഘനാഥന്‍, പില്‍ക്കാലത്ത് സ്വഭാവ വേഷങ്ങളിലേക്ക് തിരിഞ്ഞിരുന്നു. പിന്നീട് പ്രമുഖ മലയാളം ചാനലുകളിലെ നിരവധി സീരിയലുകളിലും അദ്ദേഹം തന്റെ അഭിനയം കാഴ്ചവച്ചു. ആസിഫ് അലി മുഖ്യവേഷത്തിലെത്തിയ കൂമനിലാണ് അവസാനമായി അഭിനയിച്ചത്.