ന്യൂഡൽഹി: ഇവിഎമ്മുകളെ കുറിച്ചുള്ള പരാതികള്‍ പരിഹരിച്ചില്ലെങ്കില്‍ 2024 ലെ പൊതുതെരഞ്ഞെടുപ്പില്‍ ബിജെപി 400 സീറ്റുകളില്‍ വിജയിക്കുമെന്നു കോണ്‍ഗ്രസ് നേതാവ് സാം പിത്രോദ. തിരഞ്ഞെടുപ്പുകളാണ് ഇന്ത്യയുടെ ഭാവി നിർണയിക്കുന്നതെന്നും വിവിപാറ്റ് സമ്പ്രദായം പരിഷ്കരിക്കണമെന്നും പിത്രോദ പറഞ്ഞു. ദേശീയ വാര്‍ത്താ ഏജൻസിക്ക് നൽകിയ അഭിമുഖത്തിലാണ് പിത്രോദ ആശങ്ക പങ്കുവച്ചത്.
വിവിപാറ്റിലെ നിലവിലെ സിസ്റ്റം മാറ്റുന്നതിന് സുപ്രീം കോടതി മുന്‍ ജഡ്ജി മദൻ ബി.ലോക്കൂര്‍ അധ്യക്ഷനായ എന്‍ജിഒയ്ക്ക് സാം പിത്രോദ ശുപാര്‍ശകള്‍
നല്‍കിയിരുന്നു. വോട്ടിങ് യന്ത്രങ്ങളെക്കുറിച്ചുള്ള ആശങ്കകളില്‍ 'ദ സിറ്റിസണ്‍സ് കമ്മിഷന്‍ ഓണ്‍ ഇലക്ഷന്‍സ്' എന്ന എന്‍ജിഒ നല്‍കിയ റിപ്പോര്‍ട്ടിലെ പ്രധാന ശുപാര്‍ശ നിലവിലെ വിവിപാറ്റ് ഘടന മാറ്റി അവ വോട്ടര്‍ വെരിഫൈഡ് ആക്കുകയെന്നതാണ്. ഈ റിപ്പോര്‍ട്ടിനോട് തെരഞ്ഞെടുപ്പ് കമ്മിഷന്‍ പ്രതികരിക്കുമെന്ന് കരുതി കാത്തിരിക്കുകയായിരുന്നു ഞാന്‍. അത് നടക്കുന്നില്ലെന്നു കണ്ടതോടെയാണ് ഇക്കാര്യങ്ങള്‍ തുറന്നുപറയുന്നതെന്നും സാം പിത്രോദ പറഞ്ഞു.
ബിജെപി 2024 ലെ തെരഞ്ഞെടുപ്പില്‍ 400 സീറ്റ് കടക്കുമോ എന്ന ചോദ്യത്തിന് സാധ്യതയുണ്ടെന്നാണ് സാം പിത്രോദ മറുപടി പറഞ്ഞത്. ''കൂടുതല്‍ അധികാരങ്ങള്‍ ലഭിക്കുന്നതിലൂടെ അവര്‍ കരുതുന്നത് അവര്‍ക്കത് ചെയ്യാന്‍ കഴിയുമെന്നാണ്, കൊള്ളാം. അത് രാജ്യമാണ് തീരുമാനിക്കേണ്ടത്. അടുത്ത തെരഞ്ഞെടുപ്പിന് മുമ്പ് ഇവിഎം ശരിയാക്കണം. ഇവിഎം ശരിയാക്കിയില്ലെങ്കില്‍ 400 സീറ്റ് എന്നത് ശരിയാകാം. ഇവിഎം ശരിയാണെങ്കില്‍ 400 യാഥാര്‍ത്ഥ്യമാകില്ല,'' സാം പിത്രോദ പിടിഐയോട് പറഞ്ഞു.
ഇവിഎമ്മുകളെക്കുറിച്ചുള്ള പരാതികളും ആശങ്കകളും അടിസ്ഥാനരഹിതമാണെന്ന് തെരഞ്ഞെടുപ്പു കമ്മിഷന്‍ പറയുന്നത്. എന്നാല്‍ വോട്ടിങ് യന്ത്രങ്ങളില്‍ കൃത്രിമം നടത്തി തെരഞ്ഞെടുപ്പ് ഫലം അട്ടിമറിക്കപ്പെടുമെന്ന ആശങ്കകളാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ക്കുള്ളത്.
‘‘അടുത്ത പൊതുതിരഞ്ഞെടുപ്പ് നമ്മുടെ രാജ്യത്തിന്റെ ഭാവിയെത്തന്നെ നിർണയിക്കുന്ന ഒന്നാണ്. നമ്മുടെ ഭരണഘടന വിഭാവനം ചെയ്യുന്നതുപോലെ പൗരസമൂഹത്തിനു സ്വതന്ത്രമായി പ്രവർത്തിക്കാനും എല്ലാ മതവിഭാഗക്കാർക്കും തുല്യ അവകാശം നൽകുന്നതുമായ രാഷ്ട്രമാണ് നമുക്ക് വേണ്ടത്. ഭരണഘടനാ സ്ഥാപനങ്ങൾക്ക് അവയുടെ സ്വയംഭരണം വീണ്ടെടുക്കാനാവണം. ഇതല്ലാതെ ഏതെങ്കിലും പ്രത്യേക വിഭാഗം ആധിപത്യം പുലർത്തുന്ന രാജ്യമാണോ വേണ്ടത്?
അയോധ്യയിലെ രാമക്ഷേത്രവുമായി ബന്ധപ്പെട്ട തന്റെ പരാമർശം ബിജെപി വളച്ചൊടിച്ചെന്ന് പിത്രോദ വ്യക്തമാക്കി. മതം വ്യക്തികേന്ദ്രീകൃതമാണ്. മതവും രാഷ്ട്രീയവും തമ്മില്‍ കലർത്തരുതെന്ന നിലപാടിൽ ഉറച്ചുനിൽക്കുന്നു. പ്രധാനമന്ത്രി സ്ഥാനത്തേക്ക് ആരെയും ഉയർത്തിക്കാണിക്കാതെയാണ് ‘ഇന്ത്യ’ മുന്നണി തിരഞ്ഞെടുപ്പിനെ നേരിടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.