ശബരിമല തിരക്ക് നിയന്ത്രിക്കുന്നതിന്റെ ഭാഗമായി തീർത്ഥാടകരുമായി പോകുന്ന വാഹനങ്ങൾക്ക് നിയന്ത്രണം. പമ്പയിലേക്ക് പോകുന്ന വാഹനങ്ങൾ പത്തനംതിട്ട ഇടത്താവളത്തിലേക്ക് മാറ്റി തുടങ്ങി. സന്നിധാനത്തെ തിരക്ക് കുറയുന്നത് അനുസരിച്ച് വാഹനങ്ങൾ കടത്തി വിട്ടാൽ മതിയെന്നാണ് പോലീസ് നിർദ്ദേശം.
തിരക്ക് നിയന്ത്രിക്കാൻ ക്യൂ കോംപ്ലക്സ്
ഇടമുറിയാതെ ഭക്തപ്രവാഹം തുടരുന്ന ശബരീശ സന്നിധിയിലെ തിരക്ക് നിയന്ത്രിക്കാൻ ക്യൂ കോംപ്ലക്സ് പ്രവര്‍ത്തിപ്പിച്ചു തുടങ്ങിയത് ഭക്തര്‍ക്ക് ഏറെ ആശ്വാസമായി മാറുകയാണ്. മരക്കൂട്ടത്തിനും ശരംകുത്തിക്കും ഇടയില്‍ ആറ് ക്യൂ കോംപ്ലക്സുകളാണ് ഭക്തർക്കായി തുറന്ന് നൽകിയിരിക്കുന്നത്.
എട്ട് വർഷമായി പണികഴിപ്പിച്ച് അനാഥമായി കിടന്ന ഹാളുകളാണ് ഇത്തവണ തിരക്ക് നിയന്ത്രണത്തിന് പ്രയോജനപ്പെടുത്തുന്നത്.ശബരിമലയുടെ ചുമതലയുള്ള പോലീസ് ചീഫ് കോ-ഓര്‍ഡിനേറ്ററും എ.ഡി.ജി.പി.യുമായ എം.ആര്‍. അജിത്ത് കുമാര്‍ മുൻകൈയെടുത്താണ് പരീക്ഷണാടിസ്ഥാനത്തില്‍ ക്യൂ കോംപ്ലക്സുകള്‍ പ്രവര്‍ത്തിപ്പിച്ചു തുടങ്ങിയത്. ആദ്യം ക്യൂ കോംപ്ളക്സുകള്‍ പരീക്ഷണാടിസ്ഥാനത്തില്‍ പ്രവര്‍ത്തിപ്പിച്ച് വിജയം കണ്ടതോടെയാണ് പൂര്‍ണതോതില്‍ നടപ്പാക്കുകയായിരുന്നു.ഭക്തരുടെ വരി ശബരീപീഠം വരെയെത്തുന്നതാണ് അഭൂതപൂര്‍വമായ തിരക്കായി കണക്കാക്കുന്നത്. ഇത്തരമൊരു സ്ഥിതിയില്‍നിന്ന് തിരക്ക് സാധാരണ നിലയില്‍ എത്തിക്കാൻ മുസ് അഞ്ചു മണിക്കൂര്‍ എടുത്തിരുന്നു. ക്യൂ കോംപ്ലക്സ് പ്രയോജനപ്പെടുത്തിയതോടെ തിരക്ക് സാധാരണ സ്ഥിതിയിലാക്കാൻ മൂന്നു മണിക്കൂർ സമയം മതി ഇപ്പോൾ. കൂടാതെ ഇവിടെ ഭക്തർക്ക് ആവശ്യമായ ശൗചാലയങ്ങളും, ദാഹം മാറ്റാൻ ഔഷദ വെള്ളവും ലഘു ഭക്ഷണവും നൽകുന്നുണ്ട്.
ക്യൂ കോംപ്ലക്സുകളില്‍ ഡ്യൂട്ടിക്കായി 36 പോലീസുകാരെ നിയോഗിച്ചിട്ടുണ്ട്. ഇവര്‍ക്ക് വയര്‍ലെസ് സെറ്റും നല്‍കിയിട്ടുണ്ട്.മരക്കൂട്ടത്തുനിന്ന് 300 പേരെ ക്യൂ കോംപ്ലക്സിന്റെ ഏറ്റവും അറ്റത്തുള്ള 1-ബി ഹാളിലേക്ക് കയറ്റും. പിന്നാലെ 1-സി, 2-എ, 2-ബി, 2-സി എന്നിങ്ങനെ 6-സി വരെ ഹാളുകളിലേക്ക് കയറ്റും.എത്രസമയം കാത്തിരിക്കണമെന്ന് എല്‍.ഇ.ഡി. സ്ക്രീനില്‍ പ്രദര്‍ശിപ്പിക്കും. അനൗണ്‍സ്മെന്റും ഉണ്ടാകും.
സന്നിധാനത്തെ തിരക്കിനനുസരിച്ച് 1-ബിയില്‍നിന്ന് പോകാൻ അനുവദിക്കും. ഇവര്‍ നിശ്ചിത ദൂരം പിന്നിട്ടാല്‍ തൊട്ടടുത്ത ഹാള്‍ തുറക്കും. ഇങ്ങനെ പിന്നാലെയുള്ള ഓരോ ഹാളുകളും തുറക്കും. കാലിയാകുന്ന ഹാളുകളില്‍ പിറകില്‍ വരുന്ന ഭക്തരെ കയറ്റും. ഇങ്ങനെയാണ് ക്യൂ കോംപ്ലക്സിൻ്റെ പ്രവർത്തനം മുന്നോട്ട് പോവുന്നത്. പമ്പയിൽ നിന്നും മല കയറി വരുന്ന അയ്യപ്പ ഭക്തർക്ക് തിക്കിലും തിരക്കിലും പെട്ട് വലയാതിരിക്കാൻ ക്യൂ കോംപ്ലക്സ് വലിയ അനുഗ്രഹമായി മാറുകയാണ്.