ബിജ്‌നോർ: അയൽവാസിയെ വെടിവെച്ചുകൊന്ന ടെലിവിഷൻ നടൻ അറസ്റ്റിൽ. യൂക്കാലിപ്റ്റസ് മരം മുറിക്കുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് ആക്രമണത്തിലും കൊലപാതകത്തിലും കലാശിച്ചത്. വെടിവയ്പ്പിൽ മൂന്ന് പേർക്ക് ഗുരുതരമായി പരിക്കേറ്റു. നടനെ കൂടാതെ ഇയാളുടെ കൂട്ടാളികളും അറസ്റ്റിലായിട്ടുണ്ട്.ഉത്തർപ്രദേശിലാണ് സംഭവം.
ജനപ്രിയ ടിവി ഷോകളിലൂടെ പ്രശസ്തനായ ഭൂപീന്ദർ സിംഗിനെ ബിജ്‌നോർ പൊലീസാണ് അറസ്റ്റ് ചെയ്തത്. നടൻ്റെ ബിജ്‌നോറിലെ ഫാമിൽ വേലി കെട്ടുന്നതിനായി അടുത്തുള്ള കൃഷിഭൂമിയിലെ യൂക്കാലിപ്‌റ്റസ് മരങ്ങൾ മുറിക്കുന്നതിനെ ചൊല്ലിയുണ്ടായ തർക്കമാണ് വെടിവയ്പ്പിൽ കലാശിച്ചത്. ഗുർദീപ് സിംഗ് എന്ന ആളുടെ ഉടമസ്ഥതയിലുള്ള കൃഷിഭൂമിയിലെ മരങ്ങളാണ് വെട്ടാൻ ശ്രമിച്ചത്.ഗുർദീപ് ഇത് തടഞ്ഞതോടെ തർക്കമായി.
വഴക്ക് രൂക്ഷമായതോടെ ഭൂപീന്ദറും അദ്ദേഹത്തിന്റെ മൂന്ന് കൂട്ടാളികളും ഗുർദീപ് സിംഗിന്റെ കുടുംബാംഗങ്ങളെ ആക്രമിച്ചു. ഇതിനിടെ ഭൂപീന്ദർ റിവോൾവർ ഉപയോഗിച്ച് വെടിയുതിർക്കുകയായിരുന്നു. വെടിവെപ്പിൽ ഗുർദീപ് സിംഗിന്റെ 22 കാരനായ മകൻ ഗോവിന്ദ് കൊല്ലപ്പെട്ടു. ഗുർദീപിനും, ഭാര്യക്കും, മറ്റൊരു മകനും ആക്രമണത്തിൽ പരിക്കേറ്റു. മൂവരും ഇപ്പോൾ ചികിത്സയിലാണ്.