തിരുവനന്തപുരം: ഗവർണർക്കെതിരെ പ്രതിഷേധിച്ച എസ്എഫ്ഐ പ്രവർത്തകർക്കെതിരെ കൂടുതൽ കർശന വകുപ്പായ ഐപിസി 124 കൂടി ചേർത്ത് പൊലീസ്. ഗവർണർ ഡിജിപിക്കും ചീഫ് സെക്രട്ടറിക്കും നിർദ്ദേശം നൽകിയതിന് പിന്നാലെയാണ് കൂടുതൽ കർശന വകുപ്പുകൾ ചേർത്തത്.
ഗവര്‍ണറുടെ വാഹനം തടഞ്ഞ് കരിങ്കൊടി പ്രതിഷേധം നടത്തിയ എസ്എഫ്ഐ പ്രവര്‍ത്തകര്‍ക്കെതിരെയാണ് കൂടുതൽ കർശനമായ ഐപിസി 124 ആം വകുപ്പ് കൂടി ചുമത്തിയത്.
രാഷ്ട്രപതി, ഗവർണർ എന്നിവരെ വഴിയിൽ തടഞ്ഞാലോ ഉപദ്രവിക്കാൻ ശ്രമിച്ചാലോ ചുമത്തുന്നതാണ് 124. ഏഴ് വർഷം വരെ തടവു ലഭിക്കാവുന്ന ജാമ്യമില്ലാ വകുപ്പാണിത്. പാളയത്ത് ഗവർണറുടെ കാറിലടിച്ച 7 പേർക്കെതിരെയാണ് കൻറോൺമെനറ് പൊലീസ് 124 ആം വകുപ്പ് ചുമത്തുന്നത്. ആകെ പിടിയിലായത് 19 പേരിൽ 12 പേർക്കെതിരായാണ് ജാമ്യമില്ലാ കുറ്റം. രാജ്ഭവനിലെ സെക്യൂരിറ്റി ഓഫീസറുടെ മൊഴി രേഖപ്പെടുത്തിയാണ് പുതിയ വകുപ്പ് ചേർത്തത്.
ഇതിനിടെ പൊലീസ് ഗവർണ്ണറുടെ യാത്രാ വിവരം ചോർത്തി എസ്എഫ്ഐക്ക് നൽകിയെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ ആരോപിച്ചു.