വർഷത്തിലൊരിക്കൽ മാത്രം പൂക്കുന്ന മണിമുല്ല പൂത്തുലഞ്ഞത് വിസ്മയക്കാഴ്ച മാത്രമല്ല കണ്ണിന് കുളിർമയും നൽകുന്നതാണ്. കൊല്ലം അഞ്ചൽ തടിക്കാട് അഭിലാഷിന്റെ വീട്ടുമുറ്റത്താണ് നാട്ടുകാർക്കും വീട്ടുകാർക്കും കൗതുകമുണർത്തി മണിമുല്ല പൂത്തു നിൽക്കുന്നത്.
അഞ്ചൽ തടിക്കാട്ഹയർസെക്കൻഡറി സ്കൂളിലെ അധ്യാപകനായ അഭിലാഷിന്റെ വീട്ട് മുറ്റത്തുള്ള ഓടിട്ട കെട്ടിടത്തിലാണ് മണിമുല്ല പൂത്തു പന്തലിച്ചു നിൽക്കുന്നത്. വൃശ്ചികത്തിലെ മഞ്ഞുകാലത്താണ് മണി മുല്ല പൂക്കുന്നത്. അത്യന്തം സുഗന്ധം പരത്തുന്ന പൂവാണിത്. പൂക്കളെയും ചെടികളെയും കൃഷിയെയും സ്നേഹിക്കുന്ന അഭിലാഷും ഭാര്യ ദേവിയും ഒന്നിച്ചാണ് മണി മുല്ലയുൾപ്പെടെയുള്ള വീട്ടുമുറ്റത്തെ നൂറുകണക്കിനുള്ള ചെടികളെ പരിപാലിക്കുന്നത്.
ചെടികളും പൂക്കളും മാത്രമല്ല മത്സ്യകൃഷിയും ഇവിടെയുണ്ട്. രണ്ടു വർഷം മുമ്പാണ് മണിമുല്ലയുടെ തൈ അഭിലാഷ് വീട്ടുമുറ്റത്ത് നട്ടത്. കഴിഞ്ഞവർഷം പൂത്തതിനെക്കാളും അനേകം പൂക്കളാണ് ഇത്തവണ വിടർന്നത്. ചെടികളെയും മത്സ്യകൃഷികളെയും പരിപാലിക്കുന്നതിന് പ്രത്യേക സമയങ്ങൾ ഒന്നും അഭിലാഷിന് വേണ്ട. കിട്ടുന്ന സമയങ്ങളിൽ ചെടിയെയും മത്സ്യ കൃഷിയെയും പരിപാലിക്കുന്നതാണ് അഭിലാഷിന്റെ രീതി. തടിക്കാട് ഹയർ സെക്കൻഡറി സ്കൂളിലും അഭിലാഷിന്റെ നേതൃത്വത്തിൽ പച്ചക്കറി കൃഷിയും പൂ കൃഷിയും നടത്തി വരുന്നുണ്ട്.