610 ഗ്രാം തൂക്കവുമായി ആറാം മാസത്തിൽ പിറന്നുവീണ കുരുന്ന് ഇന്ന് ചരിത്രം തിരുത്തിക്കുറിക്കുകയാണ്. കുഞ്ഞിന്റെ ജീവനിൽ പ്രതീക്ഷ വേണ്ടെന്ന് ഡോക്ടർമാർ വിധിയെഴുതിയെങ്കിലും, വിധിയെ മറികടന്ന് ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡിൽ ഇടം നേടിയിരിക്കുകയാണ് ഈ രണ്ടു വയസുകാരൻ. തൃശ്ശൂര്‍ അളഗപ്പനഗര്‍ സ്വദേശി ശ്രേയസ് ആണ് അതിജീവനത്തിന്റെ പാതയിലൂടെ അഭിമാനമായി മാറിയത്.
രണ്ട് വയസ് തികയുമ്പോൾ ശ്രെയസ് തിരുത്തിക്കുറിച്ചത് വിധിയെ മാത്രമല്ല ചരിത്രം കൂടിയാണ്. 14 ജില്ലകൾ, ഏഴു ഭൂഖണ്ഡങ്ങൾ, പത്തു രാജ്യങ്ങളുടെ പതാകകൾ, ദിവസങ്ങൾ, പഴങ്ങള്‍, പച്ചക്കറി തുടങ്ങി ഇംഗ്ലീഷ് അക്ഷരമാല വരെ മനഃപാഠമാണ് ശ്രെയസിന്..ഇന്ത്യയുടെ രാഷ്ട്രപതിയെയും,പ്രധാനമന്ത്രിയേയും, കേരളത്തിന്‍റെ മുഖ്യമന്ത്രിയേയുമൊക്കെ ഈ രണ്ടുവയസുകാരന് പരിചിതമാണ്.
മാസം തികയാതെ ആറാം മാസത്തിലായിരുന്നു ശ്രേയസിന്റെ ജനനം. അതും വെറും 610 ഗ്രാം മാത്രം തൂക്കം.. ജീവൻ തന്നെ നിലനിൽക്കുമോ എന്നുപോലും ഉറപ്പില്ലാത്ത അവസ്ഥയിലൂടെയാണ് കടന്നു പോയതെന്ന് ശ്രേയസ്സിന്‍റെ അമ്മ കാവ്യ പറയുന്നു..
എന്നാൽ തളരാതെ അമ്മ മനസ്സിൻറെ കരുത്തുകൊണ്ട് കാവ്യ അവനെ ജീവിതത്തിലേക്ക് മടക്കി കൊണ്ടുവന്നു. കുഞ്ഞിനോട് എപ്പോഴും സംസാരിച്ചുകൊണ്ടിരിക്കണം എന്ന് ഡോക്ടർ പറഞ്ഞു. അതുപ്രകാരം പലതും പറഞ്ഞു. വാക്കുകൾ കിട്ടാതായപ്പോൾ ജില്ലകളുടെ പേരുകൾ പറഞ്ഞു തുടങ്ങി. ഒരു ദിവസം ശ്രേയസ് അത് തിരികെ പറഞ്ഞു. അങ്ങനെ ഓരോ അറിവും അവന് അമ്മ പകർന്നു നൽകിയപ്പോൾ അവനത് മനഃപ്പാഠമാക്കി പകരം സമ്മാനിച്ചത് ഇന്ത്യ ബുക് ഓഫ് റെക്കോര്‍ഡ്സ് ആയിരുന്നു..
മകൻറെ അതിജീവനത്തേക്കാള്‍ വലുതായി ഒരു റെക്കോർഡും തന്നെ സന്തോഷിപ്പിക്കുന്നില്ല എന്നാണ് കാവ്യയ്ക്ക് പറയാനുള്ളത്. ഇന്ന് ശ്രെയസ് നാടിനും വീടിനും അഭിമാനമായി മാറുമ്പോൾ അതിജീവനത്തിന്റെ പാതയിലെ ഓരോ താളുകളും ഓര്‍ത്തെടുത്ത് പങ്കു വെക്കുകയാണ് ഈ കുടുംബം.