അനുഷ്ഠാനങ്ങളുടെ നേര്‍ക്കാഴ്ചയായി കാസറഗോഡ്,കരിന്തളത്തെ നായ രൂപങ്ങള്‍. പ്രദേശത്തിന്റെയും കുടുംബത്തിന്റെയും നന്മയ്ക്ക് വേണ്ടിയാണ് നായരൂപങ്ങള്‍ നേര്‍ച്ചയായി സമര്‍പ്പിച്ചിരുന്നത്. പതിനേഴാം നൂറ്റാണ്ട് മുതലാണ് ഈ ആചാരം ഉത്തര കേരളത്തില്‍ വ്യാപകമായത്.
ആയിരത്തി തൊള്ളായിരത്തി അറുപതുകള്‍ വരെ നായരൂപങ്ങള്‍ നേര്‍ച്ചയായി അര്‍പ്പിച്ചിരുന്നു എന്ന് തെളിയിക്കുകയാണ് കാവിലെ നൂറുകണക്കിന് നായരൂപങ്ങള്‍. ഭീമനടിയിലും കണ്ണൂര്‍ പുളിങ്ങോത്തിനടുത്തും നേര്‍ച്ച രൂപങ്ങള്‍ കൂട്ടിയിട്ടിരിക്കുകയാണ്. ഈ കാഴ്ച ചരിത്ര ഗവേഷകരില്‍ അത്ഭുതം തീര്‍ക്കുകയാണ്.
ക്ഷേത്ര സംരക്ഷണവുമായി പിറവിയെടുത്ത കരിന്തളം കളരിയുടെ അനുബന്ധമായ ആരാധനാ കേന്ദ്രമാണ് ശാസ്താവിന്റെ കാവ്. നേര്‍ച്ച സമര്‍പ്പണത്തിന്റെ മുന്നോടിയായി കരിന്തളം തറവാട്ടുകാര്‍ നടത്തുന്ന കാരക്കായ്കള്‍ പരസ്പരം വാരിയെറിഞ്ഞുള്ള പടയേറ് സൂചിപ്പിക്കുന്നത് കളരിയുമായി കാവിനുള്ള അഭേദ്യമായ ബന്ധമാണ്.
വൃശ്ചികമാസത്തിലെ കാര്‍ത്തിക നക്ഷത്രത്തിലാണ് കാവിലെ നേര്‍ച്ച ചടങ്ങുകള്‍ നടക്കാറ്. 1990 ന് മുമ്പ് നാല്‌തോളം വര്‍ഷക്കാലം ചേര്‍ച്ച സമര്‍പ്പണം മുടങ്ങിയിരുന്നു. പിന്നീട് കഴിഞ്ഞ മുപ്പത് വര്‍ഷക്കാലമായി വര്‍ഷത്തില്‍ ഒന്നു വീതം നായ രൂപങ്ങള്‍ ആണ് നേര്‍ച്ചയായി സമര്‍പ്പിക്കുന്നത്. നുറു വര്‍ഷം മുതല്‍ മുന്നൂറ് വര്‍ഷം വരെയെങ്കിലും പഴക്കമുള്ളവയാണ് ഈ നായരൂപങ്ങള്‍.