Share this Article
ഷബ്നയുടെ ആത്മഹത്യ; ഭർത്താവിന്റെ സഹോദരിയും അറസ്റ്റിൽ
വെബ് ടീം
posted on 15-12-2023
1 min read
SHABNA DEATH: HUSBND SISTER ARRESTED

കോഴിക്കോട്: ഓര്‍ക്കാട്ടേരിയില്‍ ഭര്‍തൃ വീട്ടില്‍ യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഒരാൾ കൂടി അറസ്റ്റിൽ. മരിച്ച ഷബ്നയുടെ ഭർത്താവിന്റെ സഹോദരി ഹഫ്‌സത്താണ് അറസ്റ്റിലായത്. ഇവരെ ചോദ്യം ചെയ്തിരുന്നു. പിന്നാലെയാണ് അറസ്റ്റ്. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം മൂന്നായി. 

നേരത്തെ ഷബ്‌നയുടെ ഭര്‍ത്താവിന്റെ അമ്മ നബീസയെയാണ് പൊലീസ് അറസ്റ്റ്  ചെയ്തത്. ഈ മാസം നാലിനാണ് ഷബ്‌നയെ ഭര്‍തൃവീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഭർത്താവിന്റെ അമ്മാവൻ ഹനീഫും നേരത്തെ അറസ്റ്റിലായിരുന്നു. 

കേസില്‍ ഹനീഫയെ മാത്രമായിരുന്നു പൊലീസ് ആദ്യം പ്രതി ചേര്‍ത്തിരുന്നത്. ഷബ്‌നയെ ഹനീഫ മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ പുറത്തു വന്നതോടെയാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇതിന് പുറമേ ഷബ്നയെ ഭര്‍ത്താവിന്റെ ബന്ധുക്കള്‍ ഭീഷണിപ്പെടുത്തുന്ന വീഡിയോയും പുറത്തുവന്നിരുന്നു.  മരിക്കുന്നതിന് മുന്‍പ് ഷബ്ന തന്നെ മൊബൈലില്‍ പകര്‍ത്തിയ ദൃശ്യങ്ങളാണ് പുറത്തുവന്നത്.

ഷബ്നയുമായി ഭര്‍ത്താവിന്റെ ബന്ധുക്കള്‍ വഴക്കിടുന്നതും ഭീഷണിപ്പെടുത്തുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്. ആണുങ്ങളോട് ഉച്ചത്തില്‍ സംസാരിക്കരുതെന്ന് ഭീഷണിപ്പെടുത്തി. ബന്ധുക്കള്‍ മര്‍ദ്ദിച്ചതിന് പിന്നാലെയാണ് ഷബ്ന മുറിയില്‍ കയറി ജീവനൊടുക്കിയത്. 

 വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ, മറ്റു ബന്ധുക്കളെ പ്രതി ചേര്‍ക്കാത്തതില്‍ പൊലീസിനെതിരെ ആക്ഷേപം ഉയര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് ഷബ്‌നയുടെ ഭര്‍തൃപിതാവ് മഹമൂദ് ഹാജി, മാതാവ് നബീസ, സഹോദരി ഹഫ്‌സത്ത് എന്നിവരെ കേസില്‍ പ്രതി ചേര്‍ത്തത്. ഗാര്‍ഹിക പീഡന നിരോധന നിയമം, സ്ത്രീധന നിരോധന നിയമം, ആത്മഹത്യാ പ്രേരണാ കുറ്റം തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയത്.

പക്ഷേ ഒളിവില്‍ പോയ മറ്റ് പ്രതികളെ കണ്ടെത്താന്‍ അന്വേഷണ സംഘത്തിന് ഇതുവരെ കഴിഞ്ഞിട്ടില്ല. സൈബര്‍ സെല്ലിന്റെ സഹായത്തോടെ ഇവര്‍ക്കായി അന്വേഷണം നടത്തുന്നുണ്ടെന്നാണ് പൊലീസ് പറയുന്നത്. ഷബ്‌നയുടെ ഭര്‍ത്താവിന് മരണത്തില്‍ പങ്കുണ്ടോയെന്ന കാര്യവും അന്വേഷിക്കുന്നുണ്ട്.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories