തൃശ്ശൂര്‍ പഴയന്നൂർ വടക്കേത്തറയിൽ വീണ്ടും ആഫ്രിക്കൻ ഒച്ചുകൾ പെരുകുന്നത് ഭീഷണിയാകുന്നു..പഴയന്നൂർ പഞ്ചായത്ത് ഓഫീസിന്റെയും വില്ലേജ് ഓഫീസിന്റെയും സമീപത്തെ വീടുകളിലും കൃഷിയിടങ്ങളിലുമാണ് ഇവ വ്യാപകമായിരിക്കുന്നത്..
കൃഷിയിടത്തിലെ വാഴ, ചേന, ചേമ്പ്, കവുങ്ങ്, തെങ്ങ്, പ്ലാവ്, മാവ്, ജാതി തുടങ്ങിയവയിലെല്ലാം ഒച്ചുകൾ കൂട്ടമായിരിക്കുകയാണ്.തണുത്ത പ്രതലത്തിൽ ജീവിക്കാൻ ഇഷ്ടപ്പെടുന്ന ഇവ മുട്ടകൾ സൂക്ഷിക്കുന്നത് മണ്ണിനടിയിലാണ്. ഒരുതവണ അഞ്ഞൂറിലധികം മുട്ടകളിട്ടും. അപകടകാരികളായ ജീവികളിൽപ്പെടുന്ന ഇവ കാർഷിക വിളകളെ മാത്രമല്ല, പ്രദേശത്തെ കുടിവെള്ള സ്രോതസ്സുകളെയും ബാധിക്കുന്നുണ്ട്.
മൂന്നുവർഷമായി ആഫ്രിക്കൻ ഒച്ചുകൾ ഈ മേഖലയിൽ ധാരാളമായി കണ്ടുവരുന്നുണ്ട്. ഉപ്പ് വിതറിയാൽ ഇവ ചത്തുപോകുമെങ്കിലും കൂടുതൽ ഉപ്പ് മണ്ണിൽ ചേരുന്നത് മണ്ണിന്റെ സ്വാഭാവിക ഘടനയ്ക്ക് മാറ്റമുണ്ടാക്കും. നേരംവെളുത്താൽ ഒച്ചുകളെ കൊല്ലുന്നതാണ് ഇപ്പോൾ നാട്ടുകാരുടെ പ്രധാന ജോലി.രാവിലെ മുതൽ വെയിൽ വരുന്നതുവരെ ഇവയെ ധാരാളമായി കാണാം, പിന്നീട് വെയിൽ മങ്ങിയശേഷമാണ് വീണ്ടും പുറത്തുവരുക.കാബേജ് ഇലകൾ വെട്ടിയിട്ടശേഷം ഒച്ചുകൾ കൂട്ടത്തോടെ തിന്നാനായി എത്തുമ്പോൾ ഉപ്പ് വിതറി കൊല്ലുകയാണ് ചെയ്യുന്നത്.
എന്നാൽ എത്ര നശിപ്പിച്ചാലും പിറ്റേന്ന് രാവിലെ വീണ്ടും പ്രദേശം മുഴുവൻ നിറയുന്ന സ്ഥിതിയാണെന്ന് നാട്ടുകാർ പറയുന്നു.ജനങ്ങളുടെ ആരോഗ്യത്തിനും ഗുരുതര ഭീഷണിയാണ് ഇവ ഉയർത്തുന്നത്. ഒച്ചിൻ്റെ വ്യാപനം തടയുന്നതിന് ആവശ്യമായ നടപടികൾ ഉണ്ടാകണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.അതേസമയം ആഫ്രിക്കൻ ഒച്ച് ശല്യം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും കൃഷിവകുപ്പുമായി ആലോചിച്ച് ശാസ്ത്രീയമായി ഇവയെ ഒഴിവാക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്നും പഴയന്നൂർ പഞ്ചായത്ത് പ്രസിഡന്റ് പി.കെ. മുരളീധരൻ അറിയിച്ചു.