Share this Article
ഭർതൃമാതാവിനെ നിലത്ത് തള്ളിയിട്ട് മർദിച്ച പ്ലസ് ടു ടീച്ചറെ സ്കൂൾ പുറത്താക്കി
വെബ് ടീം
posted on 15-12-2023
1 min read
plus-2-teacher-whose-footage-of-beating-up-mother-in-law-went-viral-in-kollam-has-been-sacked-from-the-school

കൊല്ലം: ഭർതൃമാതാവിനെ നിലത്തേക്ക് തള്ളിയിട്ട് മർദിച്ച  പ്ലസ് ടു അധ്യാപികയെ പുറത്താക്കിയതായി സ്കൂൾ അധികൃതർ. തേവലക്കര സ്വദേശിയായ മഞ്ജുമോൾ തോമസ് എന്ന അധ്യാപികയെയാണ് ലൂർദ് മാതാ ഹയർ സെക്കൻഡറി സ്കൂളിൽനിന്ന് പുറത്താക്കിയത്. ഇതുപോലെയൊരു അധ്യാപികയെ ഇവിടെ തുടരാൻ അനുവദിക്കില്ലെന്ന് പ്രിൻസിപ്പൽ വ്യക്തമാക്കി.

അമ്മായിയമ്മയെ അധ്യാപിക മർദിക്കുന്ന ദൃശ്യം കണ്ടപ്പോൾ ഇതൊരു പുതിയ അറിവായാണ് തോന്നിയതെന്ന് സ്കൂൾ പ്രിൻസിപ്പൽ പ്രതികരിച്ചു. അത് കണ്ടപ്പോൾ അതിശയം തോന്നി. ഇവിടുത്തെ അധ്യാപികയാണോയെന്ന് സംശയം തോന്നി. ഇതേക്കുറിച്ച് വിശദമായി ആലോചിച്ച് അധ്യാപികയെ പുറത്താക്കാൻ തീരുമാനിക്കുകയായിരുന്നു. അധ്യാപികയെ പുറത്താക്കിയ വിവരം എല്ലാ ക്ലാസുകളിലും രക്ഷാകർത്താക്കളെയും അറിയിച്ചതായും പ്രിൻസിപ്പൽ പറഞ്ഞു.

രണ്ടര വർഷമായി ഇവിടെ പഠിപ്പിക്കുന്ന മഞ്ജു സ്കൂളിൽ കുട്ടികളോട് നന്നായാണ് പെരുമാറിയിരുന്നതെന്ന് സ്കൂൾ അധികൃതർ പറഞ്ഞു. നന്നായി പഠിപ്പിക്കുകയും ചെയ്തിരുന്ന അധ്യാപികയാണ് മഞ്ജുവെന്നും അവർ പറയുന്നു. അധ്യാപികയുടെ ഭർത്താവ് ഇതേ സ്കൂളിൽ പഠിച്ചയാളാണെന്നും, വീട്ടിലെ പ്രശ്നങ്ങൾ തങ്ങൾക്ക് അറിയുമായിരുന്നില്ലെന്നും പ്രിൻസിപ്പൽ പറഞ്ഞു. അറിഞ്ഞിരുന്നെങ്കിൽ നേരത്തെ തന്നെ വിഷയത്തിൽ ഇടപെടുമായിരുന്നുവെന്നും അവർ വ്യക്തമാക്കി.

കഴിഞ്ഞ ദിവസം പൊലീസ് കസ്റ്റഡിയിലെടുത്ത മഞ്ജുമോൾ തോമസിനെ ഇന്ന് കോടതി 14 ദിവസത്തേക്ക്  റിമാൻഡ് ചെയ്തിരുന്നു. ചവറ സിജെഎം കോടതിയാണ് പ്രതിയെ റിമാൻഡ് ചെയ്തത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories