പാലക്കാട്: കശ്മീരിൽ യാത്ര പോയി വാഹനാപകടത്തിൽ മരിച്ച പാലക്കാട് ചിറ്റൂർ സ്വദേശികൾക്ക് യാത്രാമൊഴി ചൊല്ലി ബന്ധുക്കളും സുഹൃത്തുക്കളും. മരിച്ച രാഹുലിന്റെ മൃതദേഹത്തിൽ അദ്ദേഹത്തിന്റെ ഏഴുമാസം ഗർഭിണിയായ ഭാര്യ നീതു ചോക്ലേറ്റും, റോസാപൂക്കളും സമർപ്പിച്ചത് നെഞ്ചുലയ്ക്കുന്ന കാഴ്ചയായിരുന്നു.മൃതദേഹത്തിനു മുകളിൽ ഒരു കൂടു ചോക്ലേറ്റ് വച്ച് നീതു നിറമിഴികളോടെ നിന്നു.
മരിച്ച അനിലിന്റെ രണ്ടാമത്തെ കുഞ്ഞിന് 56 ദിവസം മാത്രമാണ് പ്രായം.നാലുവയസ്സുകാരനായ അശ്വിനാണ് മൂത്തമകൻ. പ്രസവത്തിനായി നെന്മാറയിലെ വീട്ടിലേക്ക് പോയ ഭാര്യ സൗമ്യയെയും കുട്ടികളെയും വിളിച്ചുകൊണ്ടുവരുന്നതിന് മുമ്പാണ് അനിലിന്റെ വേർപാട്.
മരിച്ച സുധീഷ് ഏതാനും മാസങ്ങൾക്കു മുൻപാണ് വിവാഹിതനായത്.
കൂലിപ്പണി ചെയ്തും ചിട്ടി പിടിച്ചുള്ള ഫണ്ടും എല്ലാം ചേർത്താണ് എല്ലാവർഷവും നവംബർ ഡിസംബർ മാസങ്ങളിൽ ഇവർ യാത്ര പോയിരുന്നത്. മൂന്നരലക്ഷം രൂപയാണ് ഇത്തവണ യാത്രയ്ക്കായി ഇവർ സ്വരൂപിച്ചത്. കശ്മീരിൽ പോയി വരുമ്പോൾ ആപ്പിൾ കൊണ്ടുവരാമെന്ന് അയൽവാസികളോടൊക്കെ പറഞ്ഞ് സന്തോഷമായി പോയവരാണ് ചേതനയറ്റ ശരീരമായി തിരികെയെത്തിയതെന്നു നാട്ടുകാർ ഓർക്കുന്നു.
ചിറ്റൂർ സ്വദേശികളായ എസ്. സുധീഷ് (32), ആർ. അനിൽ (33), രാഹുൽ (28), എസ്. വിഗ്നേഷ് (24) എന്നിവരാണ് കശ്മീരിലുണ്ടായ അപകടത്തിൽ മരിച്ചത്. കശ്മീർ സ്വദേശിയായ ഡ്രൈവർ അജാസ് അഹമ്മദ് ഷായും അപകടത്തിൽ മരിച്ചു. ഒപ്പമുണ്ടായിരുന്ന മനോജ് (24), കെ. രാജേഷ് (30), കെ. അരുൺ (26) എന്നിവർക്ക് പരിക്കേറ്റിട്ടുമുണ്ട്.
നവംബർ 30-നാണ് ചിറ്റൂർ നെടുങ്ങോട്ടുനിന്നുള്ള 13 അംഗസംഘം തീവണ്ടിമാർഗം വിനോദയാത്രയ്ക്ക് പുറപ്പെട്ടത്. കശ്മീരിലെത്തി രണ്ടുവാഹനങ്ങൾ വാടകയ്‌ക്കെടുത്തായിരുന്നു ലഡാക്കിലേക്കുള്ള യാത്ര.